ചാവക്കാട്: വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്നിരുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടത്തിന് ശാപമോക്ഷം. നബാര്‍ഡിന്റെ സഹായത്തോടെ റൂറല്‍ ഡെവലപ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയുടെ പദ്ധതി ഈ കൃഷി മേഖലയില്‍ നടപ്പില്‍ വരുന്നതോടെ മലബാറിന്റെ നെല്ലറയായ കുട്ടാടന്‍ പാടത്ത് പുത്തന്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കമാകും. ഗുരുവായൂര്‍ മണ്ഡലത്തിലെ പൂക്കോട് മുതല്‍ വടക്കേക്കാട് വരെ വ്യാപിച്ചു കിടക്കുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടമാണ് കൃഷിക്കായി സജ്ജമാകുന്നത്.
ഗുരുവായൂര്‍ നിയോജയമണ്ഡലത്തിലെ മാത്രമല്ല തൃശ്ശൂര്‍ ജില്ലയിലെ തന്നെ മുഴുവന്‍ കര്‍ഷകരുടേയും ആവശ്യമായിരുന്നു കുട്ടാടന്‍ പാടത്ത് വീണ്ടും കൃഷിയിറക്കുക എന്നത്. കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാതെയും, കളയുടെ ആധിക്യം കൊണ്ടും കൃഷി നടത്താന്‍ കഴിയാതെയാണ് കര്‍ഷകര്‍ കുട്ടാടന്‍പാടത്തെ കൃഷിയില്‍ നിന്നും പിന്‍മാറിയത്. സിപിഐ നേതാക്കളുടേയും കിസാന്‍ സഭ നേതാക്കളുടേയും നിരന്തരമായ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുക. മുതിര്‍ന്ന സിപിഎം നേതാവായ സി കെ കുമാരനെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഏതാനും മാസം മുമ്പ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സി കെ കുമാരന്‍ ആവശ്യപ്പെട്ട പ്രധാന വിഷയമായിരുന്നു കുട്ടാടന്‍ പാടത്തിന്റ വികസനം. കുട്ടാടന്‍ പാടത്ത് വീണ്ടും കൃഷിയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാം എന്ന് മന്ത്രി നല്‍കിയ ഉറപ്പാണ് ഇതോടെ പ്രവര്‍ത്തികമാകുന്നത്. കുട്ടാടന്‍ പാടത്ത് കൃഷിയിറക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ സിപിഐ പ്രതിനിധിയായ അഡ്വ. പി മുഹമ്മദ് ബഷീര്‍ പ്രമേയം അവതരിപ്പിക്കുകയും സമതി അത് അംഗീകരിച്ച് അടിയന്തിരമായി പദ്ധതി നടപ്പിലാക്കണമെന്ന് കാണിച്ച് താലൂക്ക് വികസന സമതി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി കുട്ടാടന്‍ പാടത്ത് വീണ്ടും കൃഷിയിറക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലായി.
കൃഷിയിറക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 2.12 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായി. ജലസേചനത്തിനായി തോടുകളുടെ വീതിയും ആഴവും വര്‍ദ്ധിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ഈ മാസം 31 ന് ടെണ്ടര്‍ അംഗീകരിക്കുന്നതോടെ ജോലികള്‍ ആരംഭിക്കും. ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. പദ്ധതി നടപ്പിലാകുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ കുട്ടാടന്‍പാടത്ത് പൊന്നു വിളയിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.