ഗുരുവായൂര്‍ : ഗുജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നാല്പതാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ കേശവ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഏകാദശിയുടെ ഭാഗമായ ഗജരാജന്‍ അനുസ്മരണ ചടങ്ങിനു വിദേശീയരടക്കം ആയിരങ്ങള്‍ സാക്ഷികളായി. ഒന്‍പത് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആനയൂട്ടിന് ന് ശേഷം 20ഓളം ആനകള്‍ വരിയായി ഗുരുവായൂരപ്പന്റെയും കേശവന്റെയും ഛായചിത്രം വഹിച്ച്  ക്ഷേത്രം വലംവച്ചെത്തി തെക്കേനടയിലെ ശ്രീവത്സം ഗസ്റ്റ് ഹൗസ് അങ്കണത്തിലെ കേശവ പ്രതിമക്കു മുന്നില്‍ അണി നിരന്നു.  ഘോഷയാത്രക്ക് മുന്നില്‍ നാദസ്വരം അകമ്പടിയായി. തുടര്‍ന്ന്  ആനത്തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ കേശവപ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി.