ഫാത്തിമ , ആയിഷ

ഫാത്തിമ , ആയിഷ

മദീന : ദമാമില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മദീനക്ക് സമീപം അപകടത്തില്‍ പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വാടാനപ്പിള്ളി സ്വദേശി അഞ്ചങ്ങാടി ഷാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഷാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ നസ്രിന്‍(), ആയിഷ() എന്നിവരാണ് മരിച്ചത്. ഷാഹുല്‍ ഹമീദ്, ഭാര്യ സല്‍മ, മകന്‍ ഹാറൂണ്‍ എന്നിവരെ നിസ്സാര പരിക്കുകളോടെ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദീന ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചയാണ് അപകടം. ദമാമില്‍ ബൂഫിയ നടത്തുകയാണ് ഹമീദ്. ഉംറ നിര്‍വഹിക്കാന്‍ വ്യാഴാഴ്ച്ച പുറപ്പെട്ടതായിരുന്നു. മക്കയിലെത്തി ഉംറ നിര്‍വഹിച്ചശേഷം മദീനയിലേക്ക് വരവേ നഗരത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ വാദി സഫറില്‍ വെച്ചാണ് പകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ദമാം ഇന്റര്‍നാഷണല്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനികളാണ് മരിച്ച ഫാത്തിമയും ആയിഷയും. നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു കുടുംബം. മരണാനന്തര കര്‍മ്മങ്ങള്‍ക്ക് മദീനയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.