പുന്നയൂർ : രണ്ടര വര്‍ഷം മുമ്പ് തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയായ പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിനു സമീപം സ്‌കൂട്ടര്‍ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം അവയവ മാഫിയ നടത്തിയ ആസൂത്രിത കൊലപാതകമെന്നാരോപിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി. പുന്നയൂര്‍ എടക്കര മൂത്തേടത്ത് ഉസ്മാനാണ് തന്റെ മകന്റെയും സുഹൃത്തിന്റെയും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. 2016 നവംബര്‍ 19 ന് രാത്രി തന്റെ മകന്‍ നജീബുദ്ദീനും (16) സുഹൃത്തും വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകനുമായ വാഹിദും(16) വന്നേരി സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്ന അണ്ടര്‍ 18 ഫ്ലഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മല്‍സരം കാണാന്‍ പോയതായിരുന്നു. എന്നാല്‍, 11.30ഓടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വാഹിദ് സംഭവ സ്ഥലത്തും നജീബുദ്ദീന്‍ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു മരിച്ചത്. നജീബുദ്ധീന് കാര്യമായ പരിക്ക് ഇല്ലെന്നും രണ്ടു ദിവസത്തിനകം സാധാരണ ഗതിയിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവത്രേ. എന്നാല്‍ മരണ ദിവസം അര്‍ദ്ധ രാത്രി വേറെ രണ്ടു ഡോക്ടര്‍മാരെത്തുകയും ഒന്നര മണിക്കൂറിനകം നജീബുദ്ദീന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടിലെ പൊരുത്തകേടുകളില്‍ സംശയം തോന്നിയതോടെ രണ്ട് വര്‍ഷമായി താന്‍ ശേഖരിച്ച രേഖകളും ചിത്രങ്ങളും കണ്ടാണ് മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് ഉസ്മാന്‍ പറയുന്നത്. മരണ സമയത്ത് ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് ശരീരത്തില്‍ ഉള്ളതായി നജീബുദ്ദീന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത ഫോട്ടോകളില്‍ വ്യക്തമാകുന്നുണ്ടെന്നും കഴുത്ത്, വയറിന്റെ ഇരുവശങ്ങള്‍ ഉള്‍പ്പെടെ എട്ടു സ്ഥലത്ത് ശസ്ത്രക്രിയ ചെയ്തതായി കാണുന്നുവെന്നും ഉസ്മാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതൊന്നും ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിട്ടില്ല. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത് ആരാണ് എന്നത് സംബന്ധിച്ചും വിവരമില്ല. തൃശൂരിലാണ് കുട്ടി മരിച്ചതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിച്ചതായും പറയുന്നു. നജീബുദ്ദീന്റെ ഇരു കൈകകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസിലെ ചിലര്‍ക്ക് പങ്കുണ്ടെന്നും ഉസ്മാന്‍ പരാതിയില്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പുറമെ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് ഉസ്മാന്‍ നിവേദനം നല്‍കിയത്.