ചാവക്കാട്: ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം  വീടു കയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ അണ്ടത്തോട് കുമാരന്‍പടി മുക്രിയകത്ത് വീട്ടില്‍ നൗഷാദി(26)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.30ഓടെ തിരുവത്ര കോട്ടപ്പുറത്തുള്ള നൗഷാദിന്റെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു സംഭവം. ചാവക്കാട് ഓട്ടോ ഡ്രൈവറും സിപിഎം പ്രവര്‍ത്തകനുമായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു. നൗഷാദിന്റെ ബന്ധുവായ വിദ്യാര്‍ഥിനിയെ ഇയാള്‍ നേരത്തെ ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാതായതോടെ വിദ്യാര്‍ഥിനിയെ കുറച്ചു ദിവസം നൗഷാദിന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. ഇന്നലെ തിരികെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കൊണ്ടു വന്നപ്പോഴാണ് യുവാവും സംഘവും ഇവിടെയെത്തി നൗഷാദിനെ ആക്രമിച്ചത്. മര്‍ദനത്തില്‍ നൗഷാദിന്റെ തലക്കും പുറത്തും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. നൗഷാദ് എസ്ഡിപിഐ പ്രവർത്തകനാണ്. ചാവക്കാട് പോലിസില്‍പരാതി നല്‍കി.