ചാവക്കാട് : കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സുകള്‍ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു ഓട്ടോ ഡ്രൈവേഴ്സ് മാതൃകയായി. ചാവക്കാട് പോലീസിന്റെ സഹായത്തോടെ ഉടമസ്ഥരെ കണ്ടെത്തി ഡ്രൈവേഴ്സ് തന്നെ ഉടമകള്‍ക്ക് പേഴ്സ് കൈമാറി.
തിങ്കളാഴ്ച രാവിലെ തിരുവത്ര സ്വദേശി കേരന്റകത്ത് സവാദിനാണ് ഓട്ടോയില്‍ മറന്നുവെച്ച പണമടങ്ങിയ പേഴ്‌സ് ലഭിച്ചത്. ബ്‌ളാങ്ങാട് സ്വദേശിനി വെളുത്താട്ടില്‍ അംബികയുടെതായിരുന്നു പേഴ്‌സ്. പോലീസ് അംബികയെ കണ്ടെത്തി പേഴ്സ് കൈമാറി. ഇതിനിടയിലാണ് ഓട്ടോറിക്ഷ യൂണിയന്‍ സെക്രട്ടറി ചാവക്കാട് സ്വദേശി റഹീം പണമടങ്ങിയ മറ്റൊരു പേഴ്‌സുമായി സ്‌റ്റേഷനില്‍ എത്തിയത്. ഓട്ടോ പാര്‍ക്കിനടുത്ത് നിന്നാണ് റഹീമിന് പണവും, രേഖകളും അടങ്ങിയ പേഴ്‌സ് ലഭിച്ചത്. തിരുവത്ര മേത്തി വീട്ടില്‍ സൈനബയുടെതായിരുന്നു പേഴ്‌സ്. സൈനബയേയും പോലീസ് വിളിച്ചു വരുത്തി.
എസ് ഐ മാരായ മുഹമ്മദ് റഫീഖ്, അഷറഫ്, സീനിയര്‍ സി പി ഒ സലാം, ഡേവിഡ് എന്നിവരുടെ സാനിധ്യത്തില്‍ പേഴ്‌സ് കൈമാറി. സൈനബ പാരിതോഷികം നല്‍കാന്‍ തയ്യാറായെങ്കിലും റഹീം അത് നിരസിച്ചു. ഓട്ടോ ഡ്രൈവര്‍മാരുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു. നിര്‍ധനരായവരുടെ പണം അടങ്ങിയ പേഴ്‌സുകളാണ് തിരിച്ചു കിട്ടിയത്. ഒരെണ്ണത്തില്‍ 4000 രൂപയോളവും, മറ്റൊന്നില്‍ 6000 രൂപയുമാണ് ഉണ്ടായിരുന്നത്.