ചാവക്കാട്: ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ”തത്ത്വമസി-ഗള്‍ഫ്” നവംബര്‍ 26ന് ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും നടത്തുമെന്ന് ചെയര്‍മാന്‍ ഡോ.പി.വി മധുസൂദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട്ടും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ഗള്‍ഫില്‍ ജോലി ചെയ്യു നൂറോളം പേരുടെ വരുമാനത്തില്‍ നിന്ന് സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ദേശവിളക്കിനും അദാനത്തിനുമുള്ള തുക കണ്ടെത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദേശവിളക്ക് ഉത്സവത്തിന് പുറമേ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ 10 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ”തത്ത്വമസി-ഗള്‍ഫ്” സ്വൂരൂപിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശ്വനാഥക്ഷേത്രോത്സവത്തിന് ക്ഷേത്രം വക എഴുന്നെള്ളിക്കാറുള്ള മൂന്ന് ആനകള്‍ക്കുള്ള മുഴുവന്‍ ചമയങ്ങളും കോലവും ഭഗവാന് സമര്‍പ്പിക്കുന്ന ഘോഷയാത്രയും ദേശവിളക്കിനോടനുബന്ധിച്ച് സംഘടിപ്പിക്കും. 26ന് രാവിലെ ഒമ്പതിന് മണത്തല ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്നും ഭജന, പൂത്താലം, വാദ്യമേളങ്ങള്‍ എിവയോടുകൂടി നടത്തുന്ന ഘോഷയാത്രയില്‍ ഭഗവാന് സമര്‍പ്പിക്കുന്ന ഏഴര ലക്ഷം രൂപ വില വരുന്ന ആനച്ചമയങ്ങളും കോലവും അകമ്പടിയാവും. ഭഗവാന് സമര്‍പ്പിച്ചതിന് ശേഷം ക്ഷേത്രഓഫീസിന് മുന്നില്‍ വിളക്ക് ദിവസം മുഴുവന്‍ ഇവ പ്രദര്‍ശിപ്പിക്കും. 500 പേരുടെ താലം, തങ്കരഥം, ഉടുക്കുപാട്ട്, കാവടികള്‍, നാദസരം, പഞ്ചവാദ്യം, ആന, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള പാലക്കൊമ്പ് എഴുള്ളിപ്പ് തിരുവത്ര ഗ്രാമക്കുളം കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് ആറിന് പുറപ്പെടും. രാത്രി ഒമ്പതിന് എഴുന്നള്ളിപ്പ് വിശ്വനാഥ ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍, പാല്‍്ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും, പാലക്കൊമ്പ് നിമജ്ജനം എന്നിവയോടെ ദേശവിളക്ക് സമാപിക്കും. ഉച്ചക്കും രാത്രിയിലുമായി 10,000 പേര്‍ക്ക് അന്നദാനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കണ്‍വീനര്‍ എന്‍.വി സുധാകരന്‍, എന്‍.ബി ബിനീഷ് രാജ്, കെ.ബി ആനന്ദന്‍, എന്‍.എ ബാലകൃഷ്ണന്‍, കെ.കെ സഹദേവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.