ചാവക്കാട് : ബൈക്ക് യാത്രികരായ യുവാക്കളെ കാറിടിച്ചു വീഴ്ത്തി മര്‍ദ്ധിച്ചു. പരിക്കേറ്റ ബ്‌ളാങ്ങാട് ബീച്ച് കുമാരം പടി സ്വദേശികളായ അറക്കല്‍ അഷറഫ് മകന്‍ അര്‍ഷാദ് (21 ), സുഹൃത്ത് പണിക്കവീട്ടില്‍ മജീദ് മകന്‍ മഹ്ശൂബ് (20) എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടു മണിക്ക് മണത്തല മുല്ലത്തറ വെച്ചായിരുന്നു അക്രമം. വെള്ള ആള്‍ട്ടോ കാറില്‍ വന്ന സംഘം ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാക്കളെ കാറില്‍ നിന്നും ഇറങ്ങിയ സംഘം ക്രൂരമായി മര്‍ദ്ധിച്ചു. യുവാക്കളുടെ നിലവിളി കേട്ട് ജനങ്ങള്‍ ഓടികൂടിയതോടെ സംഘം കാര്‍ ഉപേഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പരിക്കേറ്റ യുവാക്കള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്. അക്രമത്തെ തുടര്‍ന്ന് മുല്ലത്തറ ജംഗ്ഷനില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍, യൂത്ത് ലീഗ് മണ്ഡലം സ്രിഡന്റ് വി എം മനാഫ് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ കടപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനമധ്യത്തില്‍ നടത്തിയ കിരാതമായ അക്രമത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രതികള്‍ക്കെതിരെയും വധ ശ്രമത്തിന് കേസെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കളായ സുഹൈല്‍ തങ്ങള്‍, ടി എം ഇബ്രാഹീം എന്നിവര്‍ ആവശ്യപ്പെട്ടു.