IMG-20190521-WA0152 IMG-20190521-WA0151 IMG-20190521-WA0154 IMG-20190521-WA0153ചാവക്കാട് : എക്‌സൈസ് സംഘത്തിന്റെ ‘ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷനി’ല്‍ നാലു പേര്‍ പിടിയിലായി. ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും 16 ഗ്രാം ചരസുമുള്‍പ്പെട്ട ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്കും പിടികൂടിയിട്ടുണ്ട്. പെലക്കാട്ട് പയ്യൂര്‍ മമ്മസ്രായില്ലത്ത് അബു (23), പൊന്നാനി കൊല്ലംപടി ആലിങ്ങല്‍ വീട്ടില്‍ അബൂബക്കര്‍(60), വേലൂര്‍ കിരാലൂര്‍ കോട്ടൂരാന്‍ വീട്ടീല്‍ ഷാന്റോ (19), വേലൂര്‍ നടുവിലങ്ങാട് തലക്കാട്ട് വീട്ടില്‍ അക്ഷയ് (20) എന്നിവരേയാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍മാരായ കെ.എ ഹരിദാസ്, ഒ.പി സുരേഷ് കുമാര്‍, ടി.കെ സുരേഷ് കുമാര്‍, ടി.ആര്‍ സുനില്‍ കുമാര്‍, സി.ഇ.ഒമാരായ എം.എസ് സുധീര്‍കുമാര്‍, ജെയ്‌സണ്‍ പി ദേവസി, മിക്കി ജോണ്‍, പി.വി വിശാല്‍, കെ രഞ്ജിത്ത്, നൗഷാദ് മോന്‍ എന്നിവരടങ്ങിയ സംഘം വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്.
ഒരു കിലോയിലധികം കഞ്ചാവുമായാണ് അബു പിടിയിലായത്. ഹൈവേ പട്രോളിങിനിടെ ഇയാള്‍ ബൈക്ക് നിര്‍ത്താതെ പോയതോടെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് എടക്കഴിയൂര്‍ വളയംതോട് പാലത്തിനടുത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരും. സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊന്നാനി മേഖലയില്‍ വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു അബൂബക്കറെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇയാളില്‍ നിന്നാണ് 16 ഗ്രാം ചരസ് പിടികൂടിയത്. ബ്രഹ്മകുളം ഭാഗത്തു നിന്നും 25 ഗ്രാം കഞ്ചാവുമായാണ് ഷാന്റോ പിടിയിലാവുന്നത്. അക്ഷയ് നെ 15 ഗ്രാം കഞ്ചാവുമായി അകലാട് നിന്നാണ് പിടികൂടുന്നത്. പ്രതികളെ മേല്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജറാക്കും.