ചാവക്കാട് : തമിഴ്‌നാട്ടുകാരിയില്‍ നിന്നും വട്ടിപലിശയ്ക്ക് പണം കടം വാങ്ങിയ മലയാളി വീട്ടമ്മ  ദുരിതത്തില്‍. കടം വാങ്ങിയ സംഖ്യയുടെ നാലിരട്ടിയോളം തിരിച്ചുനല്‍കിയിട്ടുംതമിഴ്‌നാട്ടുകാരി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ പോലീസും വീട്ടമ്മയെ നിര്‍ബന്ധിക്കുന്നുതായി പരാതി. പാലയൂര്‍ ജയന്തി റോഡില്‍  പണിക്കവീട്ടില്‍ പരേതനായ അസീസിന്റെ ഭാര്യ സുഹറയാണ് ( 61 ) വട്ടിപലിശക്കാരിയുടെ കെണിയില്‍ പെട്ട് രക്ഷപ്പെടാനാകാതെ കഴിയുന്നത്. ഹൃദ്രോഗികൂടിയായ സുഹറ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ് അധിക്യതര്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തത്തിലാണ്. ഭര്‍ത്താവുപേക്ഷിച്ച ഏക മകളുമായി സഹോദരന്റെ വീട്ടിലാണ് സുഹറ ഇപ്പോള്‍ കഴിയുന്നത്. കാറ്ററിംഗ് സെന്ററില്‍ പത്തിരിയുണ്ടാക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. 2015 ലാണ് സുഹറ പല തവണയായി അടുത്തവീട്ടില്‍ താമസിച്ചിരുന്ന മാരീശ്വരി എന്ന തമിഴ്‌നാട് സ്വദേശിയായ സ്ത്രീയില്‍നിന്നും  1,20,000 രൂപ കടം വാങ്ങിയത്  24,000 രൂപയയാണ്  പലിശയായി പ്രതിമാസം കൊടുത്തിരുന്നതെന്ന് സുഹറ പറഞ്ഞു.  രണ്ടുവര്‍ഷത്തോളം പലിശ നല്‍കി. ഹൃദ്രോഗം വന്ന് ജോലിക്ക് പോകാന്‍ സാധിക്കാതായതോടെ പലിശ കൊടുക്കുന്നത് മുടങ്ങി. ഫോണില്‍ വിളിച്ച് നിരവധി തവണ ഭീഷണിയുണ്ടായി. ഇതിനുശേഷം മാരീശ്വരി ചാവക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് സുഹറയെ സേ്ഷനില്‍ വിളിച്ചു വരുത്തി. പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും മാരീശ്വരിക്ക് പണം നല്‍കാനാണ് നിര്‍ദേശിച്ചത്. പ്രതിമാസം 24,000 രുപ പലിശയായി രണ്ടുവര്‍ഷത്തോളം തന്റെ കയ്യില്‍ നിന്നും വാങ്ങിയെന്ന് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ കളിയാക്കിയെന്നും സുഹറ പറഞ്ഞു. നിരവധി ചെക്കുകളും, മുദ്രപത്രങ്ങളും സുഹറയില്‍ നിന്നും  മാരീശ്വരി വാങ്ങിയിട്ടുണ്ട്. വിവരങ്ങളെല്ലാം കാണിച്ച് ചാവക്കാട് സി ഐ ക്ക് പരാതിനല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും സുഹറ പറഞ്ഞു. അമിതപലിശ വാങ്ങിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ സഹായിക്കുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന്  സുഹറയുടെ ബന്ധു മൊയ്തുട്ടി പറഞ്ഞു.