ഗുരുവായൂര്‍ : തൈക്കാട്  വിവാദ  മദ്യ വില്‍പന ശാല അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പൂട്ടിയത്.   ബ്രഹ്മകുളം റോട്ടിൽ മദ്യ വില്‍പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു ഡി  & ഒ ലൈസന്‍സിനുള്ള അനുമതി നഗര സഭ സെക്രട്ടറി നല്‍കിയിരുന്നില്ല. ഡി & ഒ ലൈസന്‍സ് ഇല്ലാതെയാണ് മദ്യ വില്പന ശാല പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് ജനകീയ സമര സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലൈസന്‍സ് ഇല്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യ വില്‍പന ശാല അടച്ച് പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു . ആഗസ്റ്റ്‌ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇന്നലെ വൈകീട്ടാണ് സമര സമിതിയ്ക്ക് അതിന്റെ പകര്‍പ്പ് ലഭിച്ചത് . ഉത്തരവ് കയ്യില്‍ കിട്ടിയ സമര സമിതി ഇന്ന് രാവിലെ മദ്യശാലയുടെ ഗേറ്റ് ഉപരോധിച്ചു മദ്യ ശാല തുറക്കാന്‍ അനുവദിച്ചില്ല . തുടര്‍ന്ന്‍ പോലിസ് എത്തിയപ്പോള്‍ പോലീസിന് ഹൈക്കോടതി ഉത്തരവ് സമരസമിതിക്കാര്‍ നല്‍കി. ഇനി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വില്‍പന ശാല തുറക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

രണ്ട് വിദ്യാലയങ്ങളുടെയും, നിരവധി ആരാധനാലായങ്ങളുടെയും സമീപത്ത് ആരംഭിച്ച മദ്യ ശാലയ്ക്ക് എതിരെ വന്‍ ബഹുജന പ്രക്ഷോഭമാണ് ഉയര്‍ന്നത് . ജനകീയ സമിതിയുടെ നേത്രുത്വ ത്തില്‍ നടന്നു വന്ന സമരം 73 ദിവസം പിന്നിട്ടിരുന്നു.  ഇന്ന് വൈകീട്ട് കെട്ടിട ഉടമയുടെ വീട്ടിലേയ്ക്ക് ജനകീയ സമിതി മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചിരുന്നു.   മദ്യ ശാല അടച്ചു  പൂട്ടിയതോടെ സമരസമിതിയുടെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു .തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ആഹ്ലാദ പ്രകടനവും യോഗവും നടത്തി . ജനകീയ സമര സമിതി നേതാക്കള്‍  റഷീദ് കുന്നിക്കല്‍, എ പി ബാബു, ആന്‍റോ തോമസ്‌, കെ ടി ബാലന്‍, എ ടി സ്റീഫന്‍, വി എം ഹുസൈന്‍,  ആര്‍ വി ശിഹാബ്പി,  ഐ ലാസര്‍ എന്നിവര്‍ സംസാരിച്ചു .