ചാവക്കാട് : മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കെ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. സുഹൃത്തിന്റെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയ പന്നിത്തടം ചാലത്തൂര്‍വളപ്പില്‍ അനീഷാ(32)ണ് വനിതാ വക്കീല്‍ കോടതിയില്‍ വാദിക്കുന്നതിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട മജിസ്‌ട്രേറ്റ് ഇയാളുടെ ഫോണ്‍ വാങ്ങിവെപ്പിച്ചു. പിന്നീട് മൊബൈല്‍ പിടിച്ചുവെച്ചതില്‍ കുപിതനായ ഇയാള്‍ കോടതി പരിസരത്ത് ബഹളം വെയ്ക്കുന്നതറിഞ്ഞ് മജിസ്‌ട്രേറ്റ് വിളിപ്പിച്ചു. മജിസ്‌ട്രേറ്റിനടുത്ത് എത്തിയ അനീഷ് മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ കോടതി കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മദ്യപിച്ച് കോടതി പരിസരത്ത് ബഹളം വെച്ചതിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. കോടതി വരാന്തയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കോടതി പിരിയുംവരെ ഫോണ്‍ പിടിച്ചുവെയ്ക്കുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ ഇതിന് കേസെടുക്കാറില്ല. മദ്യപിച്ച് ബഹളംവെച്ചതാണ് അനീഷിന് വിനയായത്.