ഗുരുവായൂര്‍ : ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ പോയിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. ഗുരുവായൂര്‍ ദേവസ്വം ആനപാപ്പാന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ജയലക്ഷ്മിയുടെ മാലയാണ് കവര്‍ന്നത്. ഇരുവരും മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താമരയൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്നതിനിടെ രാവിലെ ആറിന് മമ്മിയൂരിലാണ് കവര്‍ച്ച നടന്നത്. ഹെല്‍മറ്റും കോട്ടും ധരിച്ച് ഉണ്ണികൃഷ്ണന്റെ ബൈക്കിനെ പിന്തുടര്‍ന്നെത്തി മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടയില്‍ താലിയും ലോക്കറ്റും തിരികെ ലഭിച്ചു. ഇവര്‍ ബഹളം വെച്ചതോടെ നാട്ട്കാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നു. രക്ഷപ്പെടുന്നതിനിടയില്‍ മോഷ്ടാവിന്റെ ബൈക്ക് തെന്നി വീണെങ്കിലും രക്ഷപ്പെട്ടു. ഈ സംഭവത്തിന് അര മണിക്കൂര്‍ മുമ്പ് ആനത്താവളം റോഡിലൂടെ നടന്നു പോയിരുന്ന വീട്ടമ്മയുടെ മാല കവരാനും ശ്രമം നടിരുന്നു.