ചാവക്കാട്: നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ നഗരസഭ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന പദ്ധതിയായ ബീച്ച് മത്സ്യമാര്‍ക്കറ്റ് ശനിയാഴ്ച മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ശുചിത്വ ബോധം വിദേശത്തുനിന്ന് നാട്ടിലെത്തിയാല്‍ തീരുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളിലെത്തിയാല്‍ മാലിന്യം ഇടേണ്ട സ്ഥലം അന്വേഷിച്ച് കണ്ടെത്തുന്ന മലയാളി നാട്ടില്‍ വിമാനമിറങ്ങിയാല്‍ പിന്നെ മാലിന്യങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്നവനാകും. വൃത്തിയുള്ള സാഹചര്യങ്ങളില്‍ വില്‍ക്കപ്പെടുന്ന മത്‌സ്യവും മാംസവും വാങ്ങാന്‍ ആളുണ്ടാകും. ഭക്ഷണത്തിലൂടെ അകത്തു കയറുന്ന വിഷമാണ് നമ്മെ രോഗികളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നഗരസഭ 62 ലക്ഷം രൂപ ചെലവില്‍ ചാവക്കാട് ബീച്ചിനോട് ചേര്‍ന്ന 35 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ച മത്സ്യമാര്‍ക്കറ്റ് നഗരസഭയുടെ അഭിമാന പദ്ധതികളിലൊന്നാണ്. മത്സ്യമാര്‍ക്കറ്റില്ലാതിരുന്നതിനാല്‍ വര്‍ഷങ്ങളായി ബീച്ച് റോഡിന് ഇരുവശത്തുമായിട്ടാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 12 കടമുറികള്‍,വിശാലമായ യാര്‍ഡ്, ശൗചാലയം, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയവ ആധുനിക രീതിയില്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്.
കെ.വി. അബ്ദുള്‍ കാദര്‍ എം.എല്‍.എ. അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, നഗരസഭ സെക്രട്ടറി ടി.എന്‍. സിനി, കെ. കെ. കാര്‍ത്ത്യായനി, എം. കൃഷ്ണദാസ്, കെ. നവാസ്, പി. മുഹമ്മദ് ബഷീര്‍, ആര്‍.വി. അബ്ദുള്‍ റഹീം, ദയാനന്ദന്‍ മാമ്പുള്ളി, വി. സിദ്ധിഖ് ഹാജി, ലാസര്‍ പേരകം, കെ. വി. മോഹനകൃഷ്ണന്‍, പി.കെ. സെയ്താലികുട്ടി, പി. രേഖ എന്നിവര്‍ പ്രസംഗിച്ചു.