ചാവക്കാട്: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ചാവക്കാടിന്  കൂടുതല്‍ പദ്ധതികള്‍. തീരദേശത്തെ ആസ്പത്രികളുടെ നവീകരണ പദ്ധതിയില്‍ ചാവക്കാട് താലൂക് ആസ്പത്രിയും ഇടം പിടിച്ചതാണ് ഇതില്‍ പ്രധാനം. വികസനപാതയില്‍ ഏറെ മുന്നോട്ടുപോകാനുള്ള താലൂക് ആസ്പത്രിയില്‍ നിര്‍ണായകമായ പദ്ധതികള്‍ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. കിഫ്ബി സഹായത്തോടെ നടത്തുന്ന നവീകരണ പ്രക്രിയയില്‍ ആസ്പത്രിയിലെ ട്രോമാ കെയര്‍, അത്യാഹിതം വിഭാഗങ്ങളുടെ വികസനം, അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ചികിത്സ വിഭാഗം മെച്ചപ്പെടുത്തല്‍, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒ.പി. രോഗികളുടെ പരിശോധന സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവക്കായിരിക്കും മുന്‍ഗണന. ആസ്പത്രിയിലെ മാമോഗ്രാം, ഡയാലിസിസ് യൂണിറ്റുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. ബജറ്റിലെ പരാമര്‍ശം ഇവയുടെ നവീകരണത്തിനും ഉണര്‍വ്വേകും. ചാവക്കാട്ടെ വിവിധ റോഡുകളുടെ നവീകരണത്തിനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. ചാവക്കാട് നഗരസൗന്ദര്യവത്ക്കരണവും ബൈപ്പാസ് റോഡ് നവീകരണവുമാണ് ഇതില്‍ പ്രധാനം. ചാവക്കാട്-കുന്നംകുളം റോഡ്, ബ്ലാങ്ങാട് മാട്-കറുകമാട് റോഡ്, മുതുവട്ടൂര്‍-പാലയൂര്‍ റോഡ്, കാഞ്ഞാണി-ചാവക്കാട് റോഡ് എന്നിവയുടെ നവീകരണത്തിനായാണ് ബജറ്റില്‍ തുക അനവദിച്ചിട്ടുള്ളത്. ഗുരുവായൂര്‍-ചാവക്കാട് നഗരവികസന പദ്ധതിയും  ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.