ചാവക്കാട് : നഗരസഭ പച്ചക്കറി മാലിന്യങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റ് വളമായ കര്‍ഷകാമൃതം വിപണനോദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എ മഹേന്ദ്രന്‍, എംബി രാജലക്ഷ്മി, എ.സി ആനന്ദന്‍, കെ.എച്ച് സലാം, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ഡോ. സിനി ടി.എന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും നഗരസഭ കൃഷി ഫീല്‍ഡ് ഓഫീസര്‍ സുദര്‍ശനന്‍ പിള്ള ജൈവകൃഷിയില്‍ മണ്ണിര കമ്പോസ്റ്റിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അവതരണം നടത്തുകയും ചെയ്തു.
നഗരസഭ പരിധിയില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറി മാലിന്യങ്ങളില്‍ നിന്നാണ് വളം നിര്‍മ്മിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹോള്‍ട്ടി കള്‍ച്ചല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദമായ പരിശോധന നടത്തി വളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. ഒരു കിലോക്ക് 11 രൂപ നിരക്കില്‍ 30 കിലോഗ്രാമിന്റെയും 5 കിലോഗ്രാമിന്റെയും പാക്കറ്റുകളിലാണ് കര്‍ഷകാമൃതം വിപണനത്തിന് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ഓഫീസില്‍ പണം അടക്കുന്നവര്‍ക്ക് വളം ലഭിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.