ചാവക്കാട് : 2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ്‌ ലേലത്തില്‍ പലതവണ വെച്ചും എടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ കിടക്കുന്നതു സംബന്ധിച്ച് ചാവക്കാട്ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെതുടര്‍ന്നു അധികൃതര്‍ ബസ്സ്‌ വീണ്ടും ലേലത്തില്‍ വെക്കുന്നു.
18 ലക്ഷം രൂപയാണ് ആദ്യം ബസിന് അധികൃതര്‍ വിലകെട്ടിയത്. പിന്നീടത് പലതവണ കുറച്ച് 11 ലക്ഷം രൂപയാക്കി. കഴിഞ്ഞ ദിവസം നടന്ന ലേലനടപടിയില്‍ ഈ വിലക്കും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇനിയും വില കുറയ്ക്കില്ലെന്നും, ലേലനടപടി ഉപേക്ഷിച്ച് ബസ് പൊളിച്ചു വില്‍ക്കുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് തങ്ങള്‍ കടക്കുകയാണെന്ന് റവന്യൂ ഉദ്യോസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ചാവക്കാട്ഓണ്‍ലൈന്‍ അഞ്ചാം തിയതി നല്‍കിയ വാര്‍ത്തയെതുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് താലൂക്ക് ഓഫീസിലേക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി അന്വേഷണങ്ങളാണ് വന്നത്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ പുനര്‍ലേലം നടത്താന്‍ തീരുമാനിച്ചത്.
ഈ മാസം പതിനാലാം തിയതി രാവിലെ പതിനൊന്നു മണിക്കാണ് വീണ്ടും ലേലം നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.