ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകൃതമാകുന്നതിന്റെ പ്രഖ്യാപനം തിങ്കളാഴ്ച മന്ത്രി എം.എം. മണി നിര്‍വഹിക്കുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 704 പേര്‍ക്കാണ് പദ്ധതിയില്‍ കണക്ഷന്‍ നല്‍കിയത്. ഒരുമനയൂര്‍, കടപ്പുറം, ഏങ്ങണ്ടിയൂര്‍, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളും ഉള്‍പ്പെട്ട പ്രദേശമാണ് സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ടത്. ഇതിനായി 37 ലക്ഷം രൂപ ചെലവിട്ടു. ഇതില്‍ പകുതി വിഹിതം എം.എല്‍.എയുടെ വികസന ഫണ്ടാണ്. ശേഷിക്കുന്ന പകുതി കെ.എസ്.ഇ.ബി വഹിച്ചു. സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലമെന്ന പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം. മണി നിര്‍വഹിക്കും. സി.എന്‍. ജയദേവന്‍ എം.പി മുഖ്യാതിഥിയാകും.

എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.പി. സൗദാമിനി, അസി. എക്‌സി. എന്‍ജിനീയര്‍ എം.എ. ഷാജി, അസി. എന്‍ജിനീയര്‍ പി.സി. രാജേഷ്, പി.അജിത് എന്നിവരും  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.