ചാവക്കാട് : സ്വകാര്യ വായ്പയ്ക്ക് ഈടായി നല്‍കിയ ഭൂമിയുടെ രേഖകള്‍ ബാങ്കില്‍ പണയം വെച്ച് വന്‍തുക തട്ടിച്ച കേസില്‍ കീഴ് കോടതിയുടെ പരാതിക്കാരിക്ക് അനുകൂലമായ വിധി മേല്‍കോടതി ശരിവെച്ചു.  പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മയാണ് കബളിപ്പിക്കപ്പെട്ടത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് മാനേജര്‍ കീഴ്‌കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ചാവക്കാട് സബ്‌കോടതി ജഡ്ജി കെ എന്‍ ഹരികുമാര്‍ ചെലവുസഹിതം തള്ളികൊണ്ട് ഉത്തരവായത്.  പരമേശ്വരിയമ്മ പൂങ്കുന്നം തൊട്ടോക്കാട്ട് ലെയിനില്‍ പരമേശ്വരന്‍നായര്‍ മകന്‍ കണ്ണനില്‍ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈടായി പരമേശ്വരിയമ്മയ്ക്കും മറ്റും കൂട്ടായി അവകാശപ്പെട്ട ഒരു ഏക്കര്‍ 44 സെന്റ് സ്ഥലത്തിന്റെയും വഹകളുടെയും പട്ടയം അടക്കമുള്ള രേഖകള്‍ നല്‍കിയിരുന്നു. തൃശൂര്‍ കിഴക്കേകോട്ട ലൂര്‍ദ്പുരം റോഡില്‍ അക്കരവീട്ടില്‍ ദേവസി മകന്‍ സാബു മുഖേനെയാണ് പരമേശ്വരിയമ്മ ഇടപാടുകള്‍ നടത്തിയത്. സാബുവും കണ്ണനും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ചില്‍ നിന്നും പരമേശ്വരിയമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയ രേഖകള്‍ നല്‍കി ഭീമമായ സംഖ്യ വായ്പയെടുക്കുകയായിരുന്നു. ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ ആലപ്പുഴ പുന്നപ്ര മുരുകാലയത്തില്‍ ശ്യാ ( ശ്യാംരാജ്) മും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഇയാളുടെ ഉടമസ്ഥതയിലുള്ള അര്‍ജുന കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലെടുത്ത വായ്പയ്ക്ക് പരമേശ്വരിയമ്മയുടെ സ്ഥലത്തിന്റെ രേഖകളും മറ്റു വ്യാജ രേഖകളുമാണ് ഈടായി നല്‍കിയിരുന്നത്.  വായ്പ തിരിച്ചടക്കാതെ പലിശയടക്കം 91 ലക്ഷം രൂപയുടെ കുടിശിഖയുണ്ടെന്ന ബാങ്കിന്റെ നോട്ടീസ് കിട്ടുമ്പോഴാണ് പരമേശ്വരിയമ്മ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നത്.  തുടര്‍ന്ന് സാബു, കണ്ണന്‍, ശ്യാംരാജ് എന്നിവര്‍ക്കെതിരെ ചാവക്കാട് മുനിസിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ കോടതി പരമേശ്വരിയമ്മയ്ക്ക് അനുകുലമായി വിധി പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ ബാങ്ക് നല്‍കിയ അപ്പീലാണ് ചാവക്കാട് സബ് കോടതി തള്ളിയത്. പരമേശ്വരിയമ്മയ്ക്ക് വേണ്ടി അഡ്വ. കെ എസ് പവിത്രന്‍ ഹാജരായി. സംഭവത്തില്‍ ചതി, വ്യാജരേജ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരെ പരമേശ്വരിയമ്മ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കേസും നിലവിലുണ്ട്.