ഗുരുവായൂർ : ഗുരുവായൂരിൽ നനവംബർ 19ന് ആരംഭിക്കുന്ന ജില്ല കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളിൽ ഇടത് ജനപ്രതിനിധികളെ അവഗണിച്ചു. സംഘാടക സമിതി രൂപീകരണത്തിനും ലോഗോ പ്രകാശനത്തിനുമെല്ലാം ഉദ്ഘാടകൻ ടി എൻ പ്രതാപൻ എം.പിയായിരുന്നു. എം.പിക്ക് വേണ്ടി മണിക്കൂറുകളോളമാണ് കുട്ടികളടക്കം കാത്തിരിക്കേണ്ടി വന്നത്. ഈ ചടങ്ങുകളെല്ലാം വൻ പ്രചാരണത്തോടെ നടന്നപ്പോൾ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നടത്തിയ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ആരും അറിഞ്ഞതുപോലുമില്ല. നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നടത്തിയ പന്തൽ കാൽനാട്ടൽ കർമവും ശുഷ്കമായ ചടങ്ങായി.
ഭരണം എൽ.ഡി.എഫിനാണെങ്കിലും കലോത്സവ സമിതികളുടെ വീതംവെപ്പിൽ പ്രധാന കമ്മറ്റികളെല്ലാം പ്രതിപക്ഷ അനുകൂല സംഘടനകൾക്കാണ്. വിദ്യഭ്യാസം സംസ്ഥാന സർക്കാരിൻറെ പരിധിയിൽ വരുന്നതാണെങ്കിലും പ്രധാന ചടങ്ങുകളെല്ലാം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നത് നോക്കി നിന്ന് കാണാനാണ് ഇടത് അനുകൂല സംഘടനകളുടെ വിധി. ചടങ്ങുകളിൽ വേദി കൈയടക്കുന്നതും കോൺഗ്രസ് നേതാക്കൾ തന്നെ. കലോത്സവം തുടങ്ങിയാലും എം.പി തന്നെ ഗുരുവായൂരിൽ നിറഞ്ഞു നിൽക്കുമെന്നാണ് സൂചന.
സ്ഥലം എം.എൽ.എയായ കെ.വി. അബ്ദുൾ ഖാദർ കലോത്സവത്തെ വേണ്ട ഗൗരവത്തിൽ എടുക്കാത്തതും എം.പിയുടെ നിത്യസാന്നിധ്യത്തിന് കാരണമായിട്ടുണ്ട്. ജില്ലയിൽ നിന്ന് ഒരാളൊഴികെയുള്ള എല്ലാ എം.എൽ.എമാരും ഇടതു പക്ഷത്തിൻറേതായിട്ടും ഒരു എം.പിക്ക് മാത്രം നൽകുന്ന വൻ പരിഗണനയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിദ്യഭ്യാസ മന്ത്രിയടക്കം മൂന്ന് മന്ത്രിമാരും കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പും ഉള്ള ജില്ലയിൽ അവരെ അവഗണിക്കാൻ പ്രതിപക്ഷ അനുകൂല സംഘടനകൾ മത്സരിച്ച് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.