ചാവക്കാട് : ചക്കംകണ്ടം, തെക്കൻ പാലയൂർ പ്രദേശത്ത് വ്യാപകമായി അറവു അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യത്താൽ ജീവിതം ദുസ്സഹമായ പ്രദേശത്തെ ജനങ്ങൾക്ക് രാത്രികാലങ്ങളിൽ അറവു മാലിന്യങ്ങളും മറ്റും തള്ളുന്നത് മറ്റൊരു ദുരിതമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഈ പ്രദേശത്ത് മാലിന്യം ചാക്കിലാക്കി കൊണ്ടുവന്ന് തള്ളാൻ ശ്രമിച്ചവരെ ചക്കംകണ്ടം പ്രദേശത്തെ യുവാക്കൾ കയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. പുഴകളിലും, തോടുകളിലും, ജനവാസ മേഖലകളിലും മാലിന്യം തള്ളുന്നവർക്കെതിരെ ക്രിമിനൽ നിയമം കർശനമാക്കി സർക്കാർ നിയമം പാസാക്കിയ ഈ കാലഘട്ടത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ പോലീസും, നഗരസഭയും തയ്യറാകണമെന്നും പ്രദേശത്ത് രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് നിർബദ്ധമായും ഏർപെടുത്തണമെന്നും പൗരാവകാശ വേദി അടിയന്തിര യോഗം അധികാരികളോടാവശ്യപ്പെട്ടു. ചക്കംകണ്ടം പാലം പരിസരത്തുള്ള തെരുവു വിളക്കുകൾ പ്രവർത്തനരഹിതമായത് സാമുഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നവർക്ക് സൗകര്യമായി മാറിയിരിട്ടുണ്ട്.
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. അനീഷ് പാലയൂർ, ലത്തീഫ് പാലയൂർ, ഏ.പി.ഫൈസൽ, കെ.എച്ച്. സുഹാസ്, ദിനേഷ് ചക്കംകണ്ടം, വിനയൻ ചക്കംകണ്ടം, ദസ്ത ീർ മാളിയേക്കൽ, പി.വി.സാജൻ, നവാസ് തെക്കുംപുറം, സാലിഹ് ഉമ്മർ, ഷുഹൈബ് എന്നിവർ പ്രസംഗിച്ചു.