ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവില്‍ ദേശീയപാത 17 ലെ അരയാല്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് വീണു ഇലക്ട്രിക് ലൈനും വൈദ്യുതി കാലും തകര്‍ന്നു.
125 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഭീമന്‍ അരയാല്‍ മുറിച്ചു മാറ്റാനുള്ള ശ്രമം തിങ്കളാഴ്ച രാവിലെ മുതല്‍ തുടങ്ങിയതാണ്. ആദ്യ ദിവസം പാതയോരത്തെ വൈദ്യുതി കമ്പികള്‍ അഴിച്ചുമാറ്റിയിരുന്നു. കറുകമാട് ഭാഗത്തേക്കുള്ള ലൈനും അഴിച്ചുമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇലക്ട്രിസിറ്റി അധികൃതര്‍ മുഖവിലെക്കെടുത്തില്ലെന്നു പറയുന്നു. വൈദ്യുതി വിഭാഗം അധികൃതരുടെ അനാസ്ഥയും മരംമുറിക്കാരുടെ അശ്രദ്ധയുമാണ് അപകടം വരുത്തിവെചതെന്ന്‍ നാട്ടുകാര്‍ പറഞ്ഞു.
ബസ്സ്‌ വെയിറ്റിംഗ് ഷെഡിന്റെ കൈവരികളും സമീപത്തെ വീട്ടു മതിലും തകര്‍ന്നു. മരം മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനഗതാഗതം കടപ്പുറം വഴിതിരിച്ചു വിട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.