ഗുരുവായൂര്‍: ആനയോട്ടത്തിലെ താരം രാമന്‍കുട്ടിയുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ആനപ്രേമികള്‍ ഒത്തു ചേര്‍ന്നു. രാമന്‍കുട്ടിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും ആനപാപ്പാന്മാരെ ആദരിച്ചുമായിരുന്നു ഒത്തുചേരല്‍. കിഴക്കേനടയില്‍ നടന്ന അനുസ്മരണ ചടങ്ങ് ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാബംര കുറുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. ആനചന്തം എന്ന പേരില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ സനീഷ് തലോര്‍, ഫ്രാന്‍സിസ് ചെമ്പരത്തി, രജനീ ദാസ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.  ജയരാജ് വാര്യര്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. ദീര്‍ഘകാലം രാമന്‍കുട്ടിയെ പരിചരിച്ച പാപ്പാന്‍ കൊപ്പം ഉണ്ണിയെയും, രാമന്‍കുട്ടിയുടെ പ്രതിമ തയ്യാറാക്കിയ ശില്‍പ്പി ചേര്‍പ്പ് സതീഷ്‌കുമാറിനെയും, മാതൃകാപ്രവര്‍ത്തനം കാഴ്ചവെച്ച പാപ്പാന്മാരെയും മുതിര്‍ന്ന പാപ്പാന്മാരെയും ചടങ്ങില്‍ ആദരിച്ചു. ഗാനരചയിതാവ് ഹരിനാരായണന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ.എ.സുരേശന്‍, ഉത്സവം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ബാബു എം.പാലിശേരി, വി.പി.ഉണ്ണികൃഷ്ണന്‍, കെ.പി.ഉദയന്‍, ബാബുരാജ് ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.