മണത്തല : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനും, സ്കൂൾ കാമ്പസിലെ ജൈവവൈവിധ്യം വിപുലീകരിക്കുന്നതിനും മണത്തല ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എവർഗ്രീൻ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ്കമ്മറ്റി ചെയർമാൻ എ സി ആനന്ദൻ നിർവഹിച്ചു. പരിസ്ഥിതി ക്ളബ്ബും ചാവക്കാട് നഗരസഭാ കൃഷിഭവനും സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയിൽ നാൽപ്പതു നേന്ത്രവാഴകൾ ഉൾപ്പെടുന്ന കൃഷിത്തോട്ടവും ശലഭോദ്യാനവും ആണ് ഇപ്പോൾ സജ്ജമായിട്ടുള്ളത്. നക്ഷത്രവനവും ഔഷധോദ്യാനവും സ്കൂൾ തുറക്കുന്നതോടെ പൂർത്തിയാവും. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വി അനിൽകുമാർ, പി ടിഎ പ്രസിഡൻറ് പി കെ അബ്ദുൾകലാം, പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ്, എം എച്ച് റാഫി, പരിസ്ഥിതി ക്ളബ് കൺവീനർ എ എസ് രാജു എന്നിവർ സംബന്ധിച്ചു.