ഗുരുവായൂര്‍ : ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു. രാവിലെ ഏഴ് മണിയോടെ ശീവേലിക്കും സരസ്വതി പൂജക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍. കൂത്തമ്പലത്തില്‍ നിന്ന് വിദ്യാരംഭമണ്ഡപത്തിലേക്ക് കുത്തുവിളക്കിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ ഗുരുവായൂരപ്പന്റെയും സരസ്വതി ദേവിയുടെയും വിഗ്നേശ്വരന്റെയും ഛായചിത്രങ്ങള്‍ എഴുന്നള്ളിച്ചു. തുടര്‍ന്ന് ഊട്ടുപുരയിലെ സരസ്വതി മണ്ഡപത്തിലെ നിലവിളക്കിലേക്ക് അഗ്നി പകര്‍ന്നു നല്‍കിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളില്‍ നിന്നുള്ള കാരണവന്‍മാരാണ് ആചാര്യന്മാരായത്. കുരുന്നുകളുടെ നാവില്‍ ആദ്യം സ്വര്‍ണ്ണംകൊണ്ട് ഹരിശ്രി കുറിച്ച ശേഷം തളികയിലെ അരിയിലും ആദ്യക്ഷരം കുറിപ്പിച്ചു. ശ്രീകൃഷ്ണ കോളേജ് വക ചുറ്റുവിളക്കും ഉണ്ടായിരുന്നു വിജയദശമി ദിനത്തില്‍ രാത്രി ശ്രീകൃഷ്ണ ഭവന്റെ ചുറ്റുവിളക്ക് തെളിഞ്ഞു. ഉച്ചതിരിഞ്ഞും രാത്രിയും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുള്ളിപ്പും ഉണ്ടായി. ഗുരുവായൂര്‍ ശശിമാരാറുടെ തയാമ്പകയും അരങ്ങേറി. കൊമ്പന്‍ ശ്രീധരന്‍ കോലമേറ്റി. ലക്ഷണമൊത്ത കൊമ്പന്മാരായ ചെന്താമരാക്ഷനും രവികൃഷ്ണയും പറ്റാനകളായി. ചോറ്റാനിക്കര നന്ദപ്പന്‍ മാരാര്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കി. ക്ഷേത്രത്തിന് പുറത്തെ ഗണപതി ക്ഷേത്രത്തില്‍ സന്ധ്യക്ക് വിശേഷാല്‍ കേളി, അലങ്കാരം എന്നിവയും ഉണ്ടായിരുന്നു.
മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായെത്തിയത്. സരസ്വതി പൂജക്കുശേഷം നവരാത്രി മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്തല്‍. മേല്‍ശാന്തിമാരായ കെ. ശ്രീരുദ്രന്‍ നമ്പൂതിരി, പി.എം. മുരളി നമ്പൂതിരി എന്നിവരുടെ മുഖ്യകര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പൂജക്ക് വെച്ച ഗ്രന്ഥം എടുക്കുന്നതിനും നവരാത്രി മണ്ഡപത്തില്‍ തൊഴാനുമായി വന്‍ ഭക്ത ജനതിരക്കാണനുഭവപ്പെട്ടു. നവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ ഒന്‍പത് ദിവസമായി ക്ഷേത്രത്തില്‍ നടന്നു വരുന്ന സംഗീതോസവത്തിന് സമാപനമായി.
നവരാത്രി കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഭാസ്‌കരന്‍ തിരുമേനിയും ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സജിത് നമ്പൂതിരിയും കാര്‍മ്മികരായി. ഗുരുവായൂര്‍ ദേവസ്വം കീഴേടമായ മമ്മിയൂര്‍ നാരായണം കുളങ്ങര ക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവക്ഷേത്രം, പാര്‍ത്ഥസാരഥി എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു.
ഗുരുവായൂര്‍ : കോട്ടപ്പടി ചേമ്പാലക്കുളം ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിദ്യഗോപാല മന്ത്രാര്‍ച്ചന നടത്തി. ഗുരുവായൂര്‍ മണിസ്വാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അര്‍ച്ചനയില്‍ 150ഓളം കുട്ടികള്‍ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍, വൈസ് പ്രസിഡന്റ് സി.അച്ചുതന്‍, സെക്രട്ടറി പുതിശേരി ഗോപാലകൃഷ്ണന്‍, എം.ജി ജനാര്‍ദ്ധനന്‍, പി.കെ. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.