എടക്കഴിയൂര്‍ : പഞ്ചവടിയില്‍ നിന്നും സംശയാസ്പദമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച സ്ത്രീ ഭിക്ഷക്കാരി മാത്രമാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ്  കുട്ടികളെ പിടിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞ് നാട്ടുകാര്‍ ഭിക്ഷാടനത്തിനെത്തിയ 60 വയസ്സ് കാരിയെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിച്ചത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റെഷനിലെക്ക് കൊണ്ടുപോയി. ഇവര്‍ ചാലിശ്ശേരി സ്വദേശിനിയാണെന്നും ചെറിയ മാനസീക പ്രശനമുള്ള സ്ത്രീയാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.
ഒരു മകനും അഞ്ചു പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. മകന്‍ ജോലിക്കൊന്നും പോകുന്നില്ല. ഭര്‍ത്താവ് നേരെത്തെ മരണപ്പെട്ടു. രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. ബ്ലാങ്ങാട്, അണ്ടത്തോട്, എടക്കഴിയൂര്‍ ഭാഗങ്ങളില്‍ ഇവര്‍ ഇടയ്ക്കിടെ ഭിക്ഷാടനത്തിന് എത്താറുണ്ട്. പത്ത്, ഇരുപത് നോട്ടുകളുള്‍പ്പെടെ ഇരുന്നൂറു രൂപയുടെ ചില്ലറ ഇവരില്‍ നിന്നും ലഭിച്ചു.

ചാലിശേരിയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകയുടെ നേതൃത്വത്തിലെത്തിയ  ഉത്തരവാദിത്വപ്പെട്ടവരുടെ കൂടെ ഇവരെ പറഞ്ഞയച്ചതായി പോലീസ് പറഞ്ഞു.