പുന്നയൂർക്കുളം: നിർത്താതെ പെയ്ത മഴയിൽ നിരവധി വീടുകൾ വെള്ളത്തിലായി.
പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറ പാലത്തിനു സമീപവും പുന്നയൂർ പഞ്ചായത്തിലെ വെട്ടിപ്പുഴ മേഖലയിലുമാണ് വെള്ളക്കെട്ട് രൂക്ഷമായി വീട്ടുകാർ ദുരിതത്തിലായത്.
പനന്തറ പാലത്തിനു സമീപം പെരുവഴിപുറത്ത് രാജു, പെരുവഴിപ്പുറത്ത് കൃഷ്ണൻ, ഇരുപ്പശേരി രഘു, കൊല്ലവളപ്പിൽ ബാബു, പുന്നയൂർ പഞ്ചായത്തിലെ വെട്ടിപ്പുഴ ആലിനു കിഴക്ക് പൊന്തയിൽ നീലിക്കുട്ടി, കൈറാങ്കുളത്തിൽ ഖദീജ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. വീട്ടിൽ നിന്ന് മുട്ടോളം വെള്ളത്തിലിറങ്ങിവേണം ഇവർക്ക് പുറത്തെത്താൻ. മേഖലയിൽ വ്യാഴാഴ്ച്ച പുലർച്ചെ മുതലാണ് ഇടതടവില്ലാതെ മഴയാരംഭിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ മഴക്ക് ശക്തിയേറി. ദേശീയ പാത മൂന്നയിനി മുതൽ ചാവക്കാട് വരെ മിക്ക ഭാഗങ്ങളിലും പാതിയോളം വെള്ളക്കെട്ടിലാണ്. വെള്ളമൊഴുകി പോകാൻ ഈ ഭാഗത്തൊന്നും കാനകൾ നിർമ്മിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.