ചാവക്കാട് :  കെ.പി.സി.സി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച സാഹചര്യത്തില്‍ സി.എ. ഗോപപ്രതാപനെ വീണ്ടും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തത് സംബന്ധിച്ച് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്റെ കത്ത് ശനിയാഴ്ച ഗോപപ്രതാപന് ലഭിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതെന്ന് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചുമതല താത്കാലികമായി ഏല്‍പ്പിച്ചിരുന്ന ആര്‍. രവികുമാറിനെ ശനിയാഴ്ച മുതല്‍ ചുമതലയില്‍നിന്ന് ഒഴിവാക്കിയതായും കത്തില്‍ പറയുന്നുണ്ട്. ചുമതല ഒഴിയുന്ന രവികുമാറുമായി ചര്‍ച്ചചെയ്ത് സൗകര്യപ്രദമായ ദിവസം ഗോപപ്രതാപന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി. ഹനീഫ വധക്കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്നാണ് രണ്ടുവര്‍ഷം മുമ്പ് കെ.പി.സി.സി. ഗോപപ്രതാപനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വധത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണസംഘങ്ങള്‍ക്ക് കഴിയാഞ്ഞതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സസ്‌പെന്‍ഷന്‍ നടപടി കെ.പി.സി.സി. പിന്‍വലിച്ചത്.