ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ ആനയോട്ടം നാളെ. മുൻനിരയിൽ ഓടാനുള്ള 5 ആനകളെ തെരഞ്ഞെടുത്തു. ഗോപീകണ്ണൻ, നന്ദിനി, നന്ദൻ, വിഷ്ണു, അച്ചുതൻ എന്നീ ആനകളെയാണ് നറുക്കിട്ടെടുത്ത്. രവികൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകൾ കരുതലായി ഉണ്ടാകും. നാളെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. ഈയിടെ പലയിടങ്ങളിലും ആനകൾ ഇടഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ ആനയോട്ടം വളരെ ജാഗ്രതയോടെയായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
മൊത്തം 25 ആനകളെയാണ് പങ്കെടുപ്പിക്കുന്നത്. ഇതിൽ നറുക്കിട്ടെടുത്ത അഞ്ചു ആനകൾ മാത്രമാണ് മത്സരത്തിൽ ഓടുക. മറ്റ് ആനകൾ നടന്നാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള ആനകളെല്ലാം വനംവകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയിട്ടുള്ളതാണ്. ആനയോട്ടസമയത്ത് ആനയുടെ കൂടെ പാപ്പാൻമാരൊഴികെ ആരേയും ഓടാൻ അനുവദിക്കില്ല. ക്ഷേത്രത്തിൽ നിന്ന് മണിയെടുത്ത് ഓടാൻ ആനക്കാരെ മാത്രമേ അനുവദിക്കൂ. ഉത്സവം കൊടിയേറുന്ന നാളെ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് മഞ്ജുളാലിൽനിന്ന് ആനയോട്ടം ആരംഭിക്കും. പങ്കെടുക്കുന്ന എല്ലാ ആനകളെയും രാവിലെ പുന്നത്തൂർ കോട്ടയിൽനിന്ന് കൊണ്ടുവരും. കിഴക്കേനട ടൗൺഹാളിനു മുന്നിലും പാർഥസാരഥി ക്ഷേത്രപരിസരത്തും ആനകളെ കെട്ടും. അവയ്ക്കുവേണ്ട വെള്ളം, പനമ്പട്ട എന്നിവ അവിടെ എത്തിക്കും. ആനയോട്ടത്തിനു മുമ്പ് വിശ്രമം നൽകുന്നതിനാണ് ആനകളെ രാവിലെ കൊണ്ടുവരുന്നത്.