ഗുരുവായൂര്‍ :  ഗുരുവായൂർ ദേവസ്വം ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ
സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനി പതിനഞ്ച്  ദിനരാത്രങ്ങള്‍ ഗുരുപവനപുരി
സംഗീത സാന്ദ്രമാകും. ചെമ്പൈ സംഗീതോത്സവം  ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജാതിമതഭേദമെന്യേ ഏവര്‍ക്കും സംഗീതം പഠിക്കാമെന്ന സാഹ
ചര്യമാണ‌് കേരളത്തിലുള്ളത്. ആസുരവും അസഹിഷ്ണുതയുമുള്ള ഈ കാല
ഘട്ടത്തില്‍ സമാധാന വര്‍ഷിണിയായി സംഗീതം മാറണമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷനായി. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി . ഈ വര്‍ഷത്തെ ദേവസ്വം ചെമ്പൈ പുരസ്കാരം സംഗീത രത്നം പാലാ സി കെ രാമചന്ദ്രന് മന്ത്രി കടകംപള്ളി സമ്മാനിച്ചു. ഗുരുവായൂരപ്പ രൂപം ആലേഖനം ചെയ്ത പത്ത‌് ഗ്രാം സ്വര്‍ണ പ്പതക്കവും 50,001 രൂപയും പ്രശസ്തി ഫലകവും പൊന്നാടയുമാണ‌് പുരസ്കാരം. ഭരണ സമിതി അംഗം പി ഗോപിനാഥന്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.  ഭരണസമിതി അംഗങ്ങളായ എം വിജയന്‍ , എ വി പ്രശാന്ത്, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എസ് വി ശിശിര്‍ എന്നിവര്‍ സംസാരിച്ചു.
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു മഞ്ജുളാല്‍ പരിസരത്ത്
നിന്നും ആനയിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച‌് പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കിഴക്കേനടയിലെ സത്രം ഗെയിറ്റില്‍  തംബുരു മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി.   മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതോസവ മണ്ഡപത്തില്‍ പാലാ സി കെ രാമചന്ദ്രൻ
കച്ചേരി അവതരിപ്പിച്ചു. തിരുവിഴ ശിവാനന്ദന്‍ വയലിനും കൊച്ചിന്‍ ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും ദീപു ഏലംകുളം ഘടത്തിലും പക്കമേളമൊരുക്കി.