Header

എം.എല്‍.എ ക്കെതിരെ നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് പ്രതിഷേധം

ഗുരുവായൂര്‍: റോഡ് അറ്റകുറ്റപ്പണിയിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിലും എം.എല്‍.എ പരാജയപ്പെട്ടുവെന്നാരോപിച്ച് നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് പ്രതിഷേധം. എം.എല്‍.എയുടെ വീഴ്ചയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ ബാനര്‍ ഉയര്‍ത്തി. കൗണ്‍സില്‍ യോഗം ആരംഭിച്ച് അജണ്ടയിലെ രണ്ട് വിഷയങ്ങള്‍ പിന്നിട്ട ശേഷമാണ് കോണ്‍ഗ്രസിലെ ആന്റോ തോമസ് എം.എല്‍.എയുടെ വീഴ്ച ചര്‍ച്ച ചെയ്യാണമെന്നാവശ്യപ്പെട്ട് എഴുന്നേറ്റത്. അജണ്ടയിലില്ലാത്ത വിഷയം രാഷ്ട്രീയ താത്പര്യത്തിനായി ഉന്നയിക്കുന്നുവെന്നാരോപിച്ച് ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ കൗണ്‍സിലില്‍ ബഹളമായി. ഇതിനിടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ എം.എല്‍.എ മാപ്പു പറയുക എന്നാവശ്യപ്പെട്ട ബാനര്‍ ഉയര്‍ത്തിപ്പിടിച്ചത്. ചെയര്‍മാന്റെ വേദിക്ക് മുന്നില്‍ നിന്ന് ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച ശേഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി.അംഗം ശോഭ ഹരിനാരായണന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. പി.ഡബ്ലു.ഡി റോഡുകള്‍ നന്നാക്കലും കുടിവെള്ള പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ വിഷയങ്ങളാണെന്നും, ഈ വിഷയത്തെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ബഹളമുണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി പറഞ്ഞു. തൈക്കാട് സോണല്‍ പരിധിയിലെ ലൈബ്രറി കമ്മിറ്റിയിലേക്ക് കൗണ്‍സില്‍ പ്രതിനിധികളായി നിര്‍മല കേരളന്‍, ബിന്ദു അജിത്കുമാര്‍, മീന പ്രമോദ, പി.എസ്.രാജന്‍, സുമതി ഗംഗാധരന്‍ എന്നിവരെ നിശ്ചയിച്ചു. നഗരപാലിക നിയമം അനുസരിച്ച് നിലവിലില്ലാത്ത പ്രതിപക്ഷ നേതാവ് എന്ന പദവി ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഉപയോഗിക്കുന്ന കൗണ്‍സിലര്‍ ആന്റോ തോമസിനെതിരെ പരാതി നല്‍കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ പറഞ്ഞു. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രൊഫ.പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

thahani steels

Comments are closed.