ഗുരുവായൂര്‍ : ആയുരാരോഗ്യ സൗഖ്യത്തിനും മോക്ഷപ്രാപ്തിക്കുമായി വ്രതമനുഷ്ഠിച്ച ആയിരക്കണക്കിന് ഭക്തര്‍ ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ വണങ്ങി.
വെളളിയാഴ്ച ദശമി ദിവസം തുടങ്ങിയ ഭക്തജനപ്രവാഹം ഏകാദശിദിനമായ ശനിയാഴ്ച അര്‍ദ്ധരാത്രിയിലും തുടര്‍ന്നു. ഞായറാഴ്ച രാവിലെ ദ്വാദശിപ്പണ സമര്‍പ്പണത്തോടെ തിരക്കൊഴിയും.
ഏകാദശി നെയ്വിളക്കും ഉദയാസ്തമയപൂജയും ദേവസ്വം വകയായിരുന്നു. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളമായിരുന്നു മുന്നില്‍. ശീവേലിയ്ക്കുശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നടന്ന തിടമ്പില്ലാത്ത എഴുന്നള്ളിപ്പിന് പഞ്ചവാദ്യമായിരുന്നു അകമ്പടി. ഉദയാസ്തമയപൂജയായിരുന്നതിനാല്‍ ഉച്ചപ്പൂജയാകുമ്പോള്‍ രണ്ടരയായി.
ഏകാദശി വ്രതമെടുത്തവര്‍ക്കുള്ള പ്രത്യേക വിഭവങ്ങളോടെ നടന്ന പ്രസാദ ഊട്ടിന് മുപ്പതിനായിരത്തോളം ഭക്തര്‍ എത്തി. രാത്രി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് രഥഘോഷയാത്ര പുറപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രം വലംവെച്ചു. നാമഘോഷയാത്രയുമുണ്ടായി.
രാത്രി പതിനൊന്നിന് ആരംഭിച്ച ഏകാദശിവിളക്ക് തൊഴാന്‍ തിരക്കായിരുന്നു. വിളക്കാചാരത്തിന്റെ നാലാമത്തെ പ്രദക്ഷിണത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളിയ നേരം പതിനായിരത്തോളം ദീപങ്ങള്‍ ജ്വലിച്ചത് നറുനെയ്യിലായിരുന്നു. ഗജരത്‌നം പദ്മനാഭനാണ് സ്വര്‍ണ്ണക്കോലത്തില്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റിയത്. അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളം കൊട്ടിക്കയറി.
തിങ്കളാഴ്ച ത്രയോദശിയൂട്ട് നടക്കുന്നതോടെ ഏകാദശി ചടങ്ങുകള്‍ സമാപിയ്ക്കും.