ഗുരുവായൂര്‍: കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഗുരുവായൂര്‍ നഗരസഭക്ക് ‘ജലബജറ്റ്’. കുടിവെള്ള പ്രശ്‌നപരിഹാരങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ബജറ്റ് അവതരിപ്പിച്ചത്. മാലിന്യ നിര്‍മാര്‍ജനത്തിനും വിപുലമായ പദ്ധതികളുണ്ട്. ബജറ്റ് പ്രസംഗത്തിലെ ഒരു അധ്യായം തന്നെ കുടിവെള്ള പദ്ധതികള്‍ക്കായാണ് മാറ്റിവെച്ചത്. 352 കോടി വരവും 344 കോടി ചെലവും എട്ട് കോടി നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭ അഭിമുഖീകരിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ബജറ്റില്‍ ഏറെ ശ്രമം നടത്തിയിട്ടുള്ളത്. ലവണാംശം കുറവായ കായലില്‍ നിന്നും വെള്ളമെടുത്ത് ശുദ്ധീകരിച്ച് പ്രതിദിനം 10ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് നിര്‍മിക്കാന്‍ നാല് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കരുവന്നൂര്‍ കുടി വെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. നഗര സഭ പ്രദേശത്തെ നൂറോളം കുളങ്ങളെയും തോടുകളെയും ബന്ധിപ്പിച്ച് സംരക്ഷിക്കാന്‍ 10 കോടി രൂപ നീക്കി വെച്ചിട്ടുണ്ട് . ഗുരുവായൂരില്‍ വിതരണം ചെയ്യുന്ന കുടി വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി 10ലക്ഷം രൂപ ചിലവില്‍ ലാബ് സ്ഥാപിക്കും. കിണര്‍ റീചാര്‍ജിങ്ങിനും പദ്ധതിയുണ്ട്. ജല ഓഡിറ്റിനായി അഞ്ച് ലക്ഷം മാറ്റിവെച്ചു. നഗരസഭക്ക് ജലനയം പ്രഖ്യാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. മാലിന്യ സംസ്‌കരണം നടപ്പാക്കുന്ന വീടുകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ഇത്തരം പദ്ധതി നടപ്പാക്കുന്ന റസിഡന്റ് അസോസിയേഷനുകളെ ഹരിതം പുരസ്‌കാരം നല്‍കി ആദരിക്കും. മഴക്കാലത്തെ വെള്ള ക്കെട്ട് ഒഴിവാക്കാന്‍ 13.85 കോടിയും, ഗുരുവായൂര്‍ അഴുക്കു ചാല്‍ പദ്ധതിയുടെ പ്ലാന്റ് നവീകരിക്കാനും, പൈപ്പ് ലെറ്റുകള്‍ സ്ഥപിക്കുന്ന തിനും 14.5 കോടി രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെട്ട കിഴക്കെ നടയിലെ നഗര സഭ ബസ് സ്റ്റാന്റ് ടെര്‍മിനലിനായി 5 കോടിയും നഗര സഭ പ്രദേശത്ത് ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കാന്‍ 50ലക്ഷവും, കിഴക്കേ നടയില്‍ പില്‍ഗ്രിം പ്ലാസക്കായി 12കോടിയും, പടിഞ്ഞാറെ നട പില്‍ഗ്രിം പ്ലാസക്ക് 4 കോടിയും മഞ്ജുളാല്‍ സൗന്ദര്യ വല്‍ക്കരണത്തിന് 3കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു. കൂടാതെ നഗരത്തിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി ഭൂഗര്‍ഭ കേബിള്‍ ഇടാന്‍ മൂന്ന് കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. ബജറ്റവതരണ യോഗത്തില്‍ നഗര സഭ ചെയര്‍മാന്‍ പ്രൊഫസര്‍ പി കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ച തിങ്കളാഴ്ച നടക്കും.

ഫോട്ടോ: ഗുരുവായൂര്‍ നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് അവതരിപ്പിക്കുന്നു