ഗുരുവായൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ക്ഷേത്ര ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഗുരുവായൂര്‍ ക്ഷേത്രനഗരം. ദേശീയ സുരക്ഷാസേനയുടേതടക്കം പഴുതടച്ച സുരക്ഷാക്രമീരണങ്ങളാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. ബുധനാഴ്ച വൈകുന്നെരത്തോടെയെത്തി വ്യാഴാഴ്ച തിരിച്ച് പോകുന്നത് വരെ ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ അതീവ ജാഗ്രതയാണ് പോലീസ് പുലര്‍ത്തിയിരുന്നത്. യൂണിഫോമില്‍ 600ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. കൂടാതെ മഫ്ടിയിലും പോലീസ് ജാഗ്രത പുലര്‍ത്തി.. മന്ത്രിയുടെ പ്രവേശനത്തോടെ ശ്രീവത്സം ഗസ്റ്റ്ഹൗസ് ദേശീയ സുരക്ഷ സേനയുടെ നിയന്ത്രണത്തിലായിരുന്നു. അഞ്ച് എന്‍.എസ്.ജി കമാന്‍ഡോകളാണ് ഉണ്ടായിരുന്നത്. സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ഡോഗ് ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയതിന് ശേഷം എന്‍.എസ്.ജി കമാന്‍ഡോസ് പരിശോധിച്ചാണ് സുരക്ഷ ഉറപ്പ് വരുത്തിയിരുന്നത്. രാജ്‌നാഥ് സിങ്ങ് വിശ്രമിച്ചിരുന്ന ഗസ്റ്റ്ഹൗസിന് പരിസരത്തെ കെട്ടിടങ്ങളുടെ മട്ടുപാവുകളിലും നിരീക്ഷണത്തിനായി പോലീസിനെ നിയോഗിച്ചിരുന്നു. ആംബുലന്‍സും ഫയര്‍ഫോഴ്‌സും അടക്കം 9 വാഹനങ്ങളുടെ അകമ്പടിയില്‍ ബുള്ളറ്റ് പ്രൂഫ് ടാറ്റ സഫാരി വാഹനത്തിലായിരുന്നു മന്ത്രി വന്നതും തിരിച്ച് പോയതും. അദ്ദേഹം കാറില്‍ കയറുതിന് മുന്‍പ് കമാന്‍ഡോസെത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിശ്രമം കണക്കിലെടുത്ത് ശ്രീവത്സം ഗസ്റ്റ്ഹൗസ് മറ്റു താമസക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ക്ഷേത്രനഗരിയിലെ ലോഡ്ജുകളില്‍ താമസക്കാരായെത്തുവരെയും വാഹനങ്ങളും വരെ പോലീസ് നിരീക്ഷിച്ചിരുന്നു. മന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെയും കര്‍ശനമായി നിയന്ത്രിച്ചിരുന്നു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി. നിവേദിത, ക്ഷേത്രം വാര്‍ഡ് കൌണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ എന്നിവരെ ശ്രീവത്സത്തിലേക്ക് കയറ്റി വിടാന്‍ പോലീസ് ആദ്യം തയ്യാറായില്ല. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് ഇവരെ കയറ്റി വിട്ടത്.