ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ അടുത്ത മാസം ഏഴിനും തൃപ്പുത്തരി പത്തിനും ആഘോഷിക്കും. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ഇല്ലംനിറയും തൃപ്പുത്തരിയും. ഏഴിന് രാവിലെ 7.50നും 8.50നും ഇടയിലുള്ള മുഹൂര്‍ത്തതിലാണ് ഇല്ലംനിറ നടക്കുക.  അവകാശി കുടുംബങ്ങള്‍ കിഴക്കേ ഗോപുരത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന നെല്‍കതിരുകള്‍ കീഴ്ശാന്തിമാര്‍ ചേര്‍ന്ന് ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിക്കും. ശംഖ്‌നാദവും കുത്തു വിളക്കും വാദ്യഘോഷങ്ങളും അകമ്പടിയാവും. നിറയോ നിറ… വിളികളുമായി ഭക്തരും എഴുന്നള്ളിപ്പില്‍ പങ്കാളികളാവും. നാലമ്പലത്തിനകത്ത് നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി പ്രത്യേക പൂജകള്‍ നടത്തി പട്ടില്‍ പൊതിഞ്ഞ ആദ്യ കതിര്‍ ശ്രീലകത്ത് സമര്‍പ്പിക്കുന്നതോടെ ചടങ്ങ് സമാപിക്കും. പൂജിച്ച കതിരുകള്‍ പ്രസാദമായി ഭക്തര്‍ക്ക് നല്‍കും. പുതിയ നെല്ലിന്റെ അരികൊണ്ട് പുത്തരിപ്പായസം നിവേദിക്കുന്ന ചടങ്ങാണ് തൃപ്പുത്തരി. 10ന് രാവിലെ 9.11 നാണ് അരിയളവ്. പുത്തരിപ്പായസവും പത്തിലക്കറികളും ഉപ്പുമാങ്ങയുമാണ് ഈ ദിവസത്തെ പ്രധാന നിവേദ്യം