ചാവക്കാട് : ചാവക്കാട് നഗരത്തിലെ അധികൃതരുടെ വണ്‍വെ(ഏകപക്ഷീയ) പരിഷ്കാരങ്ങളില്‍ ജനം നട്ടം തിരിയുമ്പോള്‍ തല തിരിഞ്ഞ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ട്രാഫിക് അതോറിറ്റി മാതൃകയാകുന്നു. ചാവക്കാട് – കുന്നംകുളം റോട്ടില്‍ സ്ഥാപിച്ച നോ പാര്‍ക്കിംഗ്, സ്പീഡ് ലിമിറ്റ് ബോര്‍ഡുകളാണ് തല തിരിച്ച് സ്ഥാപിച്ചിട്ടുള്ളത്. കുന്നംകുളം ഭാഗത്ത് നിന്നും ചാവക്കാട് ടൌണിലേക്ക് വരുന്നവര്‍ക്ക് വായിക്കാന്‍ വേണ്ടിയാണ് 20 കിലോമീറ്റര്‍ വേഗത പരിമിതപ്പെടുത്തിയുള്ള സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്‌. നഗരത്തിലെ വണ്‍വെ സമ്പ്രദായമനുസരിച്ച് കുന്നംകുളത്ത് നിന്നുള്ള വാഹനങ്ങള്‍ ബൈപാസ് വഴി തിരിഞ്ഞാണ് പോകുന്നത്. വടക്ക് നിന്നും ഒരു വാഹനവും മെയിന്‍ റോഡ്‌ വഴി ടൌണില്‍ പ്രവേശിക്കില്ലെന്നിരിക്കെ ആര്‍ക്ക് വേണ്ടിയാണ് ഈ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. തല തിരിയാന്‍ തല പോലും ഇല്ലാത്തവരുടെതാണ് ട്രാഫിക് പരിഷ്കാരങ്ങള്‍ എന്ന സൂചനയാണ് ഈ ബോര്‍ഡുകളിലുള്ളത്.
ജനങ്ങളെ ദുരിതത്തിലാക്കിയ ട്രാഫിക് പരിഷ്കാരങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, വ്യാപാരി സംഘടനകളും കടയടപ്പ് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചെങ്കിലും തികച്ചും വണ്‍വെ നിലപാടിലാണ് നഗരസഭയും പോലീസും.