ചാവക്കാട് : എടക്കഴിയൂര്‍ ആര്‍.പി. എം. എം. യു. പി. സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ 1000 സഡാക്കോ കൊക്കുകളെ ഉണ്ടാക്കി ഹിരോഷിമ ദിനം ആചരിച്ചു.
1945ല്‍ അമേരിക്കയുടെ അണുബോംബ് അക്രമണത്തില്‍ രക്തസാക്ഷിയാവേണ്ടിവന്ന ഹിരോഷിമയിലെ പെണ്കുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയില്‍ അണുബോംബിടുന്നത്. അപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മാരകമായ അണുവികിരണങ്ങള്‍ അവള്‍ക്ക് രക്താര്‍ബുദം വരുത്തിവച്ചു.
ആയിരം കടലാസ് കൊക്കുകളെയുണ്ടാക്കി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊക്കുകളെയുണ്ടാക്കി. പക്ഷെ 644 കൊക്കുകളെ ഉണ്ടാക്കിയപ്പോഴേക്കും അവള്‍ മരണത്തിനു കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 1000 എണ്ണം പൂര്‍ത്തിയാക്കി. ആ കൊക്കുകളെ അവളോടൊപ്പം ദഹിപ്പിച്ചു.
പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും സമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.
എടക്കഴിയൂര്‍ സ്കൂളില്‍ സംഘടിപ്പിച്ച വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിനു പിന്നിലുള്ള ചരിത്രവും കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത ബോധ്യപ്പെത്തുന്നതായി.
പ്രധാന അധ്യാപിക ലിറ്റി ടീച്ചര്‍, അധ്യാപകരായ വിജോ, അമല്‍, ഫഹമിത, സ്നേഹ എന്നിവര്‍ നേതൃത്വം നല്‍കി.