ചാവക്കാട്: ത്രിപുര ഒരു പുതിയ ചരിത്രം രചിച്ചു. പൂജ്യത്തില്‍ നിന്ന് ഭരണത്തിലേക്ക് വന്ന ചരിത്രമാണ് ബി.ജെ.പി.ക്കു ത്രിപുരയില്‍. ത്രിപുര രചിച്ച ചരിത്രത്തില്‍ നിന്ന് കേരളത്തിനും ഒരുപാട് പഠിക്കാനുണ്ടെന്നു ബിപ്ലവ് കുമാർ ദേബ്. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ത്രിപൂര മുഖ്യമന്ത്രി. ഏറെ കാലത്തെ ആവശ്യമായ മത്സ്യമേഖലക്ക് പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യവും വൈദേശിക യാനങ്ങള്‍ക്ക് രാജ്യത്തിന്റെ കടലില്‍ മീന്‍പിടിത്തം നടത്താനുള്ള ലൈസന്‍സ് റദ്ദുചെയ്യണമെന്ന ആവശ്യവും മോദി സര്‍ക്കാര്‍ അംഗീകരിച്ചതായി ത്രിപൂര മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനും ബിപ്ലബ്കുമാര്‍ മറന്നില്ല.സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്ക് തുല്യതയും നല്‍കണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസ് പരിശോധിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥയോട് എത്തരത്തില്‍ പെരുമാറിയെന്ന് നാം കണ്ടതാണ്. തിരുവനന്തപുരത്ത് സി.പി.എം. ഓഫീസ് പരിശോധിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരേ നിലപാടെടുത്ത സര്‍ക്കാര്‍ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു ബിപ്ലബ്കുമാര്‍. എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം എന്ന് മലയാളത്തില്‍ തുടങ്ങിയ ശേഷം ഹിന്ദിയിലായിരുന്നു ബിപ്ലബ് കുമാറിന്റെ പ്രസംഗം.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ്.പവിത്രന്‍ അധ്യക്ഷനായി. സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബി.എം.പി.എസ്. സംസ്ഥാന പ്രസിഡന്റ് കെ.രജനീഷ് ബാബു, ജനറല്‍ കണ്‍വീനര്‍ കെ.ജി രാധാകൃഷ്ണന്‍, പി. പ്രദീപന്‍, കെ.എസ്. പത്മനാഭന്‍, ഒ.എന്‍.ഉണ്ണി, പി.ഒ.ഉദയഘോഷ്, പ്രസീദ ഹരീന്ദ്രന്‍, അരുദ്ധതി മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ പത്തിന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.