ഗുരുവായൂര്‍ : മുതുവട്ടൂരില്‍ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു. ചൂല്‍പ്പുറം സ്വദേശി കണ്ണോത്ത് റഷീദിന്റെ വീടാണ് തകര്‍ന്ന് വീണത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ആളപായമില്ല. മുതുവട്ടൂര്‍ വെള്ളാട്ട് ലൈനിലാണ് വീട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. വീട് തകര്‍ന്നു വീഴുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് മുകള്‍ നിലയുടെ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് താഴെയിരുന്നു ഭക്ഷണം കഴിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. മൂന്ന് മണിയോടെ റഷീദ് വിദേശത്തേക്ക് പോയിരുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് വീട് തകരാന്‍ കാരണമെന്ന് പരിസരവാസികള്‍ പറഞ്ഞു. ടെമ്പിള്‍ എസ്.ഐ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലതെത്തി അന്വഷണം നടത്തി. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.