ചാവക്കാട് : ‘എല്ലാവര്‍ക്കും ഭവനം’ എന്ന ലക്ഷ്യം നേടുന്നതിനായി ചാവക്കാട് നഗരസഭയില്‍ ആരംഭിച്ച പി.എം.എ.വൈ-ലൈഫ് മിഷന്‍ (നഗരം) പദ്ധതി അന്തിമഘട്ടത്തില്‍. നാനൂറോളം ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം ആരംഭിച്ചു. 80 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളുടേയും ഭവന നിര്‍മ്മാണം 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഇതുവരെ നഗരസഭയുമായി കരാറിലേര്‍പ്പെടാത്ത ഗുണഭോക്താക്കള്‍ക്ക് വേണ്ടി ജൂലൈ 16 മുതല്‍ 27 വരെ വാര്‍ഡ്-മേഖലാ തലത്തില്‍ ചാവക്കാട് നഗരസഭ ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കുന്നു. ഇവരുടെ പ്രശ്‌നങ്ങളെപ്പറ്റിയും സാങ്കേതിക ബുദ്ധിമുട്ടുകളെപ്പറ്റിയും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ സഹായം നല്‍കി ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് ഈ യോഗത്തിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്. ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഗുണഭോക്താക്കള്‍ നഗരസഭയുമായി സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.