15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-2015 Friday

വടക്കേകാട് മോഷണം അന്വേഷണം ഇഴയുന്നു

Posted on 02 October  2015
പുന്നയൂര്‍ക്കുളം: വടക്കേക്കാട്ടെ 500 പവനും വജ്രാഭരണങ്ങളും കവര്‍ന്ന കേസിന്റെ അന്വേഷണം ഇഴയുന്നു. വീട്ടുടമയും പ്രവാസി വ്യവസായിയുമായ തടാകം കുഞ്ഞുമൊയ്തുഹാജി ഇനിയും നാട്ടിലെത്തിയിട്ടില്ല. ഈ മാസം ഒമ്പതിന് വടക്കേക്കാട്ടെത്തുന്ന വീട്ടുടമ കുഞ്ഞുമൊയ്തുഹാജിയില്‍നിന്ന് വിവരങ്ങള്‍ പോലീസ് തേടും. ജില്ലാ റൂറല്‍ പോലീസ് മേധാവി കെ. കാര്‍ത്തിക് അന്വേഷണം നേരിട്ടെത്തി  വിലയിരുത്തി. തൃശ്ശൂരിന് പുറമെ വൈകീട്ട് വടക്കേക്കാട്ടും എത്തിയാണ് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്​പി കെ.എസ്. സുദര്‍ശനുമായി എസ്.പി. അന്വേഷണപുരോഗതി വിലയിരുത്തിയത്.
എസ്.പി.യുടെ നേരിട്ടുള്ള അന്വേഷണസംഘത്തിലെ 14 പേരും യോഗങ്ങളില്‍ സംബന്ധിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ വിശകലനം ചെയ്ത് അന്വേഷണസംഘം ചോദ്യംചെയ്യലിന് കൂടുതല്‍ പേരുടെ ലിസ്റ്റ് ഉണ്ടാക്കി. ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തവരില്‍നിന്ന് ലഭിച്ച ചില വിവരങ്ങളും കോര്‍ത്തിണക്കിയാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുവാന്‍ കാര്‍ത്തിക് നിര്‍ദ്ദേശിച്ചത്. വ്യാഴാഴ്ചയും ചോദ്യംചെയ്യല്‍ തുടര്‍ന്നു.
വീട് പണിക്കാരേയും ലോക്കര്‍ സ്ഥാപിച്ചവരേയും ചോദ്യംചെയ്യും. പരിചയമുള്ളവരാണ് ലോക്കര്‍ തുറന്ന് 500 പവനും വജ്രാഭരണങ്ങളും കവര്‍ന്നതെന്ന് പോലീസ് സംശയിക്കുന്നു. 1.40 കോടി രൂപയുടെ മോഷണമാണ് പ്രവാസി വ്യവസായി തടാകം കുഞ്ഞുമൊയ്തുഹാജിയുടെ പൂട്ടിയിട്ട വീട്ടില്‍ നടന്നത്. പിന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്.
നാല് പൂട്ടുള്ള ലോക്കര്‍ തുറക്കണമെങ്കില്‍ പരിചയക്കാര്‍ക്ക് മാത്രമേ സാധിക്കൂ എന്ന് നിലപാടാണ് പോലീസിനുള്ളത്. മോഷ്ടാക്കള്‍ക്ക് പ്രാദേശിക പിന്തുണ കിട്ടിയിട്ടുണ്ടെന്നാണ് സംഘം വിലയിരുത്തുന്നത്.  മോഷ്ടാക്കള്‍ക്കൊപ്പം തൊണ്ടിമുതലും പൂര്‍ണ്ണമായും കണ്ടുകെട്ടാനാണ് പോലീസിന്റെ ശ്രമം. രഹസ്യസ്വഭാവത്തിലുള്ള അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ടീമംഗങ്ങള്‍ ഒഴികെ ആര്‍ക്കും പോലീസ് കൈമാറിയിട്ടില്ല. ഐ.ജി. സുരേഷ് രാജ് പുരോഹിതാണ് കേസിന് മേല്‍നോട്ടം വഹിക്കുന്നത്.