15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-07-15 Friday

കെ ജി സത്താര്‍ - ഇശലുകളില്‍ നിറഞ്ഞുനിന്ന അദൃശ്യ ഭാവം

posted on 24 July 2015
'കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ, ഇന്നെന്തേ നിന്‍മിഴിക്കൊരു നിറമാറ്റം പൊന്നേ...', 'ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൊയ്‌റുള്ള നൂറുമുഹമ്മദ് സല്ലള്ളാ ലാഇലാഹ ഇല്ലള്ളാ...', 'മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ മക്കം കാണുവാന്‍ കഅ്ബ ചുറ്റുവാന്‍ കില്ല പിടിച്ചങ്ങ് കേഴുവാന്‍...', 'സീനത്തുള്ളൊരു പെണ്ണാണ് സീതിക്കാക്കാടെ മോളാണ്  പൂതിപെരുത്തു പഠിപ്പിച്ചത് നാട്ടിലെ പിള്ളരെ പാട്ടാണ്...', 'ഏക ഇലാഹിന്റെ കരുണാകടാക്ഷത്താല്‍ എഴുതിയ കത്തുകിട്ടി എന്റെ സഖീ...' തുടങ്ങി 600ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയ കെ ജി സത്താര്‍ റിയാലിറ്റി ഷോകളില്‍ പാടപ്പെടുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളത്തിലെ പുതുതലമുറക്കും ഏറെ പരിചിതനാണ്.
ചാവക്കാടിനടുത്ത പൂവത്തൂരില്‍ മൂത്ത മകന്‍ സലിമിനോടപ്പം താമസിച്ചു വരികുകയായിരുന്നു. ദീപസ്തംഭം മഹാശ്ചര്യം, ജോക്കര്‍, സ്‌നേഹിതന്‍ എന്നീ സിനിമകളുടെ നിര്‍മാതാവാണ് സലിം. മറവിരോഗം ബാധിച്ച സത്താറിന്റെ ഭാര്യ മറിയുമ്മയും സലീമിന്റെ പരിചരണത്തിലാണ് കഴിയുന്നത്.

1960 '70കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കോഡുകളിലും കെ ജി സത്താര്‍ നിറഞ്ഞു നിന്നു.
കെ.ജി. സത്താറിന്റെ സംഗീത സപര്യക്ക് തലമുറകളുടെ നീളമുണ്ട്. ഗുജറാത്തിലെ കച്ചില്‍നിന്ന് കൊച്ചിയിലെ മുസ്‌ലിം പള്ളിയില്‍ 19ാം നൂറ്റാണ്ടില്‍ ഖാസിയായെത്തിയ ഖുറൈഷി വംശജരുടെ പിന്മുറക്കാരനാണ് സത്താര്‍. സംഗീതത്തിനുവേണ്ടി ഖാസി പദവിയൊഴിഞ്ഞ് പള്ളിയുടെ പടിയിറങ്ങിയ കെ. ഗുല്‍മുഹമ്മദ് ബാവയുടെ മകന്‍. ഗ്രാമഫോണ്‍ റെക്കോഡില്‍ ആദ്യ മലയാളശബ്ദം ഗുല്‍മുഹമ്മദിന്റെതായിരുന്നു. കൊളംബിയ, എച്ച്.എം.വി. ഗ്രാമഫോണ്‍ കമ്പനികള്‍ ഗുല്‍മുഹമ്മദിനെക്കൊണ്ട് പാടിക്കാന്‍ മത്സരിച്ചു. ഒരു ചാക്ക് അരിക്ക് 5 രൂപയും പവന് 16 രൂപയുമുണ്ടായിരുന്ന കാലത്ത് ഈ ശബ്ദത്തിന് കൊളംബിയ കമ്പനി 2500 രൂപയും ഒന്നാംക്ലാസ് തീവണ്ടി ടിക്കറ്റുതുകയും നല്‍കി.

ഗ്രാമഫോണുകളും സംഗീതോപകരണങ്ങളും സിനിമാപ്രൊജക്ടറുകളും പൂന്തോട്ടവുമെല്ലാമുള്ള വീട്ടില്‍ കണിശക്കാരനായ വാപ്പയോടൊപ്പമായിരുന്നു സത്താറിന്റെ കുട്ടിക്കാലം. പൂവത്തൂര്‍ സെന്റ് ആന്റണീസ് ഹയര്‍ എലിമെന്ററി സ്‌കൂള്‍ വാര്‍ഷികത്തിന് വാപ്പ പഠിപ്പിച്ചുകൊടുത്ത 'ജിര്‍നാ ജിര്‍നാ മിന്‍ ജനീമി' എന്ന അറബിഗാനം പാടി കൊച്ചുസത്താര്‍ അഞ്ചാംവയസ്സിലേ ഗായകനായി. രണ്ടാംലോകമഹായുദ്ധം പലരുടെയും ജീവിതത്തെ തകര്‍ത്തതുപോലെ ഗുല്‍മുഹമ്മദിന്റെ സംഗീതത്തിലും ഇടിത്തീയിട്ടപ്പോള്‍ അദ്ദേഹത്തിന് റെക്കോഡിങ്ങുകളും സംഗീതസദസ്സുകളും ഇല്ലാതായി. ആ സമ്പന്നകുടുംബം ദാരിദ്ര്യത്തിലേക്ക് പതുക്കെ നടയിറങ്ങിപ്പോയി.

വിദ്യാഭ്യാസം പലവട്ടം മുടങ്ങിയെങ്കിലും സത്താര്‍ സംഗീതത്തിന്റെ പ്രഥമപാഠങ്ങള്‍ വാപ്പയില്‍നിന്ന് സ്വായത്തമാക്കിയിരുന്നു. 1942ല്‍ വാപ്പയോടൊപ്പം മദ്രാസിലെത്തിയാണ് ആദ്യത്തെ ഗ്രാമഫോണ്‍ റെക്കോഡിങ്. തനിച്ച് പാടിയ രണ്ട് പാട്ടുകളും കൂടെ പാടിയ മൂന്ന് പാട്ടുകളും അന്ന് റെക്കോഡ് ചെയ്തു. പ്രശസ്തനായ എം.കെ. ത്യാഗരാജഭാഗവതരുടെ 'ഹിന്ദിഗുരു'വായിരുന്നു സത്താറിന്റെ വാപ്പ. അങ്ങനെയാണ് ത്യാഗരാജഭാഗവതരുടെ നിര്‍ദേശപ്രകാരം സത്താര്‍ മട്ടാഞ്ചേരിയിലെ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ ശാസ്ത്രീയസംഗീതം പഠിക്കാന്‍ ചേരുന്നത്. എന്നാല്‍ പഠിപ്പെല്ലാം കുഴഞ്ഞുമറിഞ്ഞു. പട്ടിണിയെ ചെറുക്കാന്‍ ചെറുപ്രായത്തില്‍ പലവിധ ജോലികള്‍ ചെയ്യേണ്ടതായിവന്നു. അങ്ങനെ ജോലിതേടി ഒരു നാള്‍ ബോംബെയിലുമെത്തി. അവിടെയൊരു സംഗീതവിദ്യാലയത്തില്‍ മാന്‍ഡൊലിന്‍ പഠിക്കാന്‍ ആ യുവാവ് രണ്ടുംകല്പിച്ച് ചേര്‍ന്നു. മാന്‍ഡൊലിനില്‍ മാത്രമല്ല, ഗിത്താര്‍, സിത്താര്‍, വയലിന്‍, ബുള്‍ബുള്‍ എന്നിവയിലൊക്കെ അവിടൈവച്ച് പ്രാവീണ്യം നേടി.

ബോംബെ ഇലക്ട്രിക് സപ്‌ളൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ബസ്‌കണ്ടക്ടറായിട്ടാണ് സത്താര്‍ അന്ന് ഉപജീവനം കണ്ടെത്തിയിരുന്നത്. അതിനിടയില്‍ നിക്കാഹും കഴിഞ്ഞു. ബോംബെയിലും നാട്ടിലെത്തിയും തന്റെ ഗാനാലാപനസിദ്ധി അദ്ദേഹം തിളക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് മദ്രാസില്‍ച്ചെന്ന് എച്ച്.എം.വി.ക്കും കൊളംബിയക്കുമായി ചില റെക്കോഡിങ്ങുകളും നടത്താനായി.

അങ്ങനെ കെ.ജി. സത്താര്‍ എന്ന പേര് പതിയെ സംഗീതാസ്വാദകരുടെ കാതുകളില്‍ പതിഞ്ഞുതുടങ്ങി. എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊയ്തു പടിയത്ത് തുടങ്ങിയവരുമായി സൗഹൃദമുണ്ടായത് ആ യുവാവിന് ഗുണം ചെയ്തു. സത്താര്‍ രചിച്ച് പാടിയ, ബാബുരാജ് ഈണമിട്ട 'മക്കത്തു പോണോരെ ഞങ്ങളെ കൊണ്ടുപോണേ...' എന്ന ഗാനം ഇപ്പോഴും ചാനലുകളിലെ മാപ്പിളപ്പാട്ടുമത്സരറൗണ്ടുകളിലൊന്നാണ്. ആദ്യരാത്രി എന്ന നാടകത്തിനുവേണ്ടി സത്താര്‍ രചിച്ച് ഈണമിട്ട് പാടിയതാണ് 'കണ്ണിന്റെ കടമിഴിയാലേ....' എന്ന പ്രശസ്തഗാനം.

വൈകാതെ കൊളംബിയ അവരുടെ സ്ഥിരം ഗായകരുടെ പട്ടികയില്‍ സത്താറിനെ ഉള്‍പ്പെടുത്തി. വി.എം. കുട്ടി, വിളയില്‍ വത്സല, മാര്‍ക്കോസ്, റംലാബീഗം, എം.എ. അസീസ് തുടങ്ങിയവരുടെ അറബിയും ഇതരഭാഷകളും ചേര്‍ന്ന പുരാതന മാപ്പിളപ്പാട്ടുകളില്‍നിന്ന് വ്യത്യസ്തമായ ഗാനശൈലിയാണ് സത്താര്‍ അവതരിപ്പിച്ചത്. കൂടുതല്‍ വില്പനയുണ്ടാവും എന്ന റെക്കോഡിങ് കമ്പനിയുടെ അഭിപ്രായത്തെ മാനിച്ചായിരുന്നു അത്.

ഒരിക്കല്‍ കൊളംബിയ റെക്കോഡിങ്ങിന് ക്ഷണിച്ചപ്പോള്‍ കണ്ടക്ടര്‍ജോലിയില്‍നിന്ന് ലീവ് കിട്ടിയില്ല. അങ്ങനെ ആറുവര്‍ഷത്തെ ജോലി 1960ല്‍ രാജിവെച്ചു. തുടര്‍ന്ന് ബോംബെയില്‍ത്തന്നെ, കഴുത്തിലണിയുന്ന ടൈ ഡിസൈന്‍ ചെയ്യുന്ന ജോലിയും തിയേറ്ററുകള്‍ വാടകക്കെടുത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്ന ജോലിയും ചെയ്തു. ഒപ്പം, പാട്ടുകള്‍ അടിച്ച് വിതരണം ചെയ്യുന്ന ജമീല ബുക്സ്റ്റാളും തുടങ്ങി. 1967ല്‍ ബോംബെവിട്ട് നാട്ടിലെത്തിയ സത്താര്‍ ജമീല ബുക്സ്റ്റാളിനെ കെ.ജി.എസ്. ബുക്സ്റ്റാളെന്ന് പേരുമാറ്റി. ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാര്‍മോണിയ അധ്യാപകന്‍'എന്ന സ്വന്തം രചനയടക്കം നിരവധി പുസ്തകങ്ങള്‍ അങ്ങനെയാണ് ഇദ്ദേഹം പുറത്തിറക്കുന്നത്.

ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു സത്താര്‍. അക്കാലത്ത് നിറയെ പാട്ടുപരിപാടികള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ കേരള ഗായകസമിതി എന്ന ട്രൂപ്പ് തുടങ്ങി. ഗാനമേളകള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംഗീതവും സംഗീതോപകരണങ്ങളും സൗജന്യമായി പഠിപ്പിച്ചുകൊടുക്കാനും സത്താര്‍ മുന്‍കൈയെടുത്തു. സിനിമാസംഗീതസംവിധായകന്‍ മോഹന്‍ സിത്താരയും അദ്ദേഹത്തിന്റെ ചേട്ടന്‍ സുബ്രഹ്മണ്യനും ഇവിടെ പഠിച്ചിട്ടുണ്ട്. സത്താറിന്റെ ഗാനമേളകള്‍ക്ക് മോഹന്‍ സിത്താര വയലിന്‍ വായിച്ചിട്ടുണ്ട്.

സിനിമാപിന്നണിഗായകനാവാന്‍ കാര്യമായ പരിശ്രമമൊന്നും അദ്ദേഹം നടത്തിയില്ല. ഒരിക്കല്‍ ജി. ദേവരാജനെ പോയിക്കണ്ടെങ്കിലും ബോംബെയിലെ സ്ഥിരംജോലി കളഞ്ഞ് മദ്രാസില്‍ അലഞ്ഞുതിരിയേണ്ടെന്ന അദ്ദേഹത്തിന്റെ ഉപദേശം മാനിച്ച് മടങ്ങുകയായിരുന്നു. 'കുട്ടിക്കുപ്പായത്തി'ല്‍ പാടിക്കാന്‍ ബാബുരാജ് രണ്ടാഴ്ച സത്താറിനെ അന്വേഷിച്ചു. വിവരമറിഞ്ഞ് സത്താറെത്തിയപ്പോഴേക്കും പുതിയ ഗായകനെവെച്ച് പാട്ടുകളുടെ റെക്കോഡിങ് കഴിഞ്ഞിരുന്നു.

നാട്ടില്‍ സംഗീതസദസ്സുകള്‍ കുറഞ്ഞതോടെ 1978ല്‍ സത്താര്‍ അബുദാബിയിലേക്ക് ദേശാന്തരഗമനം നടത്തി. അവിടെ മക്കളോടൊപ്പം കെ.ജി. സത്താര്‍ എന്ന പേരില്‍ കാസറ്റുകടയിട്ട് 'ബിസിനസ്' നടത്തി ജീവിച്ചു. പക്ഷേ ജന്മനാടുമായി അവധിക്കാലബന്ധമെന്നത് മുറിച്ച് ഒടുവില്‍ 2000ല്‍ നാട്ടിലേക്ക് തന്നെ അദ്ദേഹം മടങ്ങുകയായിര്‍ന്നു.
അദ്ദേഹത്തിന്റെ എണ്‍പത്തിയഞ്ചാം പിറന്നാളിന് നാട്ടുകാരും കലാ സ്നേഹികളും ജനപ്രതിനിധികളുമെല്ലാം മകന്‍ സലീമിന്റെ വീട്ടില്‍ ഒത്തു ചേരുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. ചടങ്ങില്‍ വെച്ച് ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷിക ലോഗോ പി എ മാധവന്‍ എം എല്‍ എ കെ ജി സത്താറിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ശാന്തി പൂര്‍ണ്ണമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
01-02-14_logo_prakshanam

വിവരങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍

hawa ad walk