banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-09-2014 Sunday

ചാവക്കാട് നഗരസഭയെ സമ്പൂര്‍ണ്ണ മദ്യ നിരോധിതമാക്കണമെന്ന ആവശ്യം തള്ളി

posted on 28 September 2014
ചാവക്കാട് : ചാവക്കാട് നഗരത്തെ സമ്പൂര്‍ണ്ണ മദ്യ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കരുതെന്നതുള്‍പ്പെടെയുളള ആവശ്യമുന്നയിച്ച് പ്രതിപക്ഷ അംഗവും കോണ്‍ഗ്രസ് കൗണ്‍സിലറുമായ കെ.വി. സത്താര്‍ കൊണ്ടുവന്ന പ്രമേയത്തെ ഭരണകക്ഷിയായ ഇടതു പക്ഷം തള്ളി.
മദ്യവര്‍ജ്ജനം നഗരസഭയുടെ വിഷയമല്ലെന്നും മദ്യനിരോധനത്തോട് യോജിപ്പാണെന്നും ഭരണകക്ഷി അംഗം പി.വി. സുരേഷും പ്രമേയം അസംബന്ധമാണെന്ന് ഭരണ കക്ഷിയിലെ മറ്റൊരു അംഗമായ എം.ആര്‍. രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇത് ചര്‍ച്ച ചെയ്യേണ്ടെന്നും സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടത്തട്ടെയെന്നും അതിനു ശേഷം ലൈസന്‍സ് നഗരസഭാ പുതുക്കി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു യോഗാധ്യക്ഷനായ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസിന്റെ അഭിപ്രായം.
നഗരസഭയുടെ പരിധിയില്‍ ബാര്‍ തുറക്കണോ വേണ്ടയോ എന്ന് നഗരസഭയ്ക്ക് തീരുമാനിക്കാന്‍ അധികാരമുണ്ടെന്നും നഗരസഭ നല്‍കുന്ന ലൈസന്‍സ് നല്‍കരുതെന്നും അഡ്വ. ഇ.എം. സാജന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ പ്രതിപക്ഷ അംഗമായ സത്താറിന് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രമേയം അംഗീകരിക്കാതെ പോകുകയായിരുന്നു.
കുടുംബശ്രീയുടെ എ.ഡി.എസ്. മെമ്പര്‍മാരും സി.ഡി.എസ്. പ്രസിഡന്റും പ്രേരക്മാരും വാര്‍ഡ് തലത്തില്‍ നടത്തുന്ന സര്‍വ്വേയില്‍ കുടുംബശ്രീയുടെയും നഗരസഭയുടെയും പേര് നഗരസഭയുടെ അറിവോടെയാണോ എന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നടപടി വേണമെന്നും കാണിച്ച് പ്രതിപക്ഷ അംഗം ഹിമ മനോജ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ മാത്രമാണ് നഗരസഭ ഇടപെടുകയെന്നും നഗരസഭാ ആര്‍ക്കും സര്‍വ്വേ നടത്താന്‍ അധികാരം നല്‍കിയിട്ടില്ലെന്നും വൈസ് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു.
താലൂക്ക് ആസ്​പത്രിയില്‍ പ്രസവത്തിനായി എത്തുന്ന ഗര്‍ഭിണികള്‍ക്ക് ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തുമ്പോള്‍ ലഭിക്കുന്ന 3600 രൂപയും സാധാരണ സുഖപ്രസവത്തിന് 1600 രൂപയും കുട്ടികള്‍ 700 രൂപയും നഗരസഭയ്ക്ക് ശുചിത്വ മിഷനില്‍ നിന്ന് പ്രതിവര്‍ഷം 10000 രൂപയും ലഭിച്ചിരുന്നു. ഇത് 50 ശതമാനമാക്കാന്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നതായി കെ.വി. സത്താര്‍ യോഗത്തില്‍ പറഞ്ഞു. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാരിന് പരാതി നല്‍കണമെന്ന് യോഗം ഉറപ്പു നല്‍കി.
മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കേടു വന്ന സിങ്കിള്‍ ഫെസ് ലയിന്‍ മാറ്റി ത്രീ ഫേസ് ലയിന്‍ ആകുന്ന പ്രവൃത്തിക്ക് 64000 രൂപ അനുവദിച്ചു. 30-ാം വാര്‍ഡിലെ 103-ാം നമ്പര്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും ദേശീയ പാതയിലെ പുതിയപാലത്തില്‍ എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 3 ലക്ഷം രൂപ അനുവദിക്കുകയും ഇതിന് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതായും യോഗത്തില്‍ അറിയിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്ക് പ്രതിനിധികളായി ലൈബ്രറി അംഗങ്ങളില്‍ നിന്ന് ശാലിനിയെയും കൗണ്‍സിലില്‍ നിന്ന് പി.വി. സുരേഷിനെയും തിരഞ്ഞെടുത്തു.
ഗാന്ധി ജയന്തി ദിനത്തില്‍ പ്ലാസ്റ്റിക് ശേഖരണ ദിനമായി ആചരിക്കാനും ഇതിനായി ഓരോ വാര്‍ഡുകളിലേക്ക് 1000 രൂപ വീതം നല്‍കാനും പ്രചാരണ ബോധവത്കരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയില്‍ പരസ്യ ബോര്‍ഡ് വെയ്ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കാനും നിരക്കുകള്‍ ഉയര്‍ത്താനും തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യം നികുതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായി. പരപ്പില്‍ താഴത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരുടെ കൂലി ക്രമാതീതമായി വര്‍ദ്ധിപ്പിക്കാനും ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിച്ച് പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി സ്ഥലം ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. .