ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിന്റെ തീരദേശത്ത് കടല്‍ കരവെച്ച ഭൂമിയില്‍ നടക്കുന്ന അനധികൃത കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ചാവക്കാട് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഈ വിഷയത്തിലായിരുന്നു. കടലോരഭൂമി കൈയ്യേറുതിന് ജനപ്രതിനിധികളും പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമിയുടെ വ്യാജരേഖയുണ്ടാക്കി പാവപ്പെട്ടവര്‍ക്ക് വില്‍പ്പന നടത്തുന്ന ഭൂമാഫിയ പ്രവര്‍ത്തനമാണ് പുന്നയൂരില്‍ നടക്കുന്നതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് സിപിഐ പ്രതിനിധി പി. മുഹമ്മദ് ബഷീര്‍, എന്‍സിപി പ്രതിനിധി എം.കെ ഷംസുദ്ധീന്‍, മന്ദലാംകുന്ന് മുഹമ്മദുണ്ണി എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കടലോരഭൂമിയില്‍ അനധികൃതമായി വെച്ച വീടുകളെകുറിച്ചും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡപ്യൂട്ടി തഹസില്‍ദാരെ ചുമതലപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ എം.ബി ഗിരീഷ് യോഗത്തില്‍ വ്യക്തമാക്കി.
ഒരുമനയൂര്‍, കടപ്പുറം ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തിനായി മൂന്നാംകല്ലില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന്റെ പ്രധാന വാള്‍വ് അടിയന്തിരമായി അറ്റകുറ്റപണി നടത്തണമൊവശ്യപ്പെട്ട് പി.മുഹമ്മദ് ബഷീര്‍ പ്രമേയം അവതരിപ്പിച്ചു. മൂന്നു വര്‍ഷമായി വാള്‍വിന് ചോര്‍ച്ചയുള്ളതിനാല്‍ വെള്ളം പാഴാകുകയും പാഴാകുന്ന മലിനജലം വീണ്ടും പൈപ്പില്‍ കയറുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധജലം കടലിലേക്ക് ഒഴുകിപ്പോകുന്നത് തടയാന്‍ ചേറ്റുവ പാലത്തിന് താഴെ റഗുലേറ്റര്‍ നിര്‍മ്മിക്കണമൊവശ്യപ്പെട്ട് കേരള കോഗ്രസ്(എം) പ്രതിനിധി തോമസ് ചിറമ്മല്‍ പ്രമേയം അവതരിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ എല്ലാ ബസ്സുകളും പ്രവേശിക്കാന്‍ സൗകര്യമൊരുക്കുക, മമ്മിയൂര്‍ സെന്ററില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുക, മമ്മിയൂര്‍ മുതല്‍ മുതുവട്ടൂര്‍ വരെ രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയും ഹെവി വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, ടി.പി ഷാഹു, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.