ചാവക്കാട് : കോടതി നടപടികളുടെസുതാര്യത ഉറപ്പുവരുത്തുംവിധം പുതിയസാങ്കേതികവിദ്യകളുടെ സാധ്യതകളെ ഉപയോഗിപ്പെടുത്തി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് മുന്‍സിഫ് കോടതിയെ മാതൃകകോടതിയായി ഉയര്‍ത്തും. ഇന്ന് മുതുവട്ടൂര്‍ കോടതി അംഗണത്തില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതിജഡ്ജികെ.സുരേന്ദ്ര മോഹന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ ആദ്യത്തെ മോഡല്‍ മജിസ്‌ട്രേറ്റ് കോടതിയാക്കി കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ്. സിവില്‍കോടതി എന്ന നിലയില്‍ജില്ലയില്‍ ആദ്യത്തെ മാതൃകാ കോടതിയാണ് ചാവക്കാട് മുന്‍സിഫ് കോടതി. വികലാംഗര്‍, വയോജനങ്ങള്‍, അവശരായവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കോടതിയില്‍ ഒരുക്കം. കേസിന് എത്തുന്ന കക്ഷികള്‍ ഇനി കൂട്ടത്തോടെ കോടതി വാതിക്കല്‍ നില്‍ക്കേണ്ടിവരില്ല. മോഡല്‍കോടതിയാവുന്നതോടെ മൈക്കില്‍ കേസുകള്‍ വിളിക്കും. കേസിന്റെവിവരങ്ങളും മറ്റു കക്ഷികള്‍ക്ക് അറിയാന്‍ കിയോസ്‌ക്കും സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാജഡ്ജി ആനി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂര്‍എം.എല്‍.എ. കെ.വി.അബ്ദുള്‍ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും. തൃശ്ശൂര്‍ ചീഫ്ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് പി.എന്‍.സീത, ചാവക്കാട് അസി.സെഷന്‍സ് ആന്റ്‌ സബ്ബ്ജഡ്ജി കെ.എന്‍.ഹരികുമാര്‍, മുന്‍സിഫ് പി.എം.സുരേഷ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേറ്റ് എന്‍.രഞ്ജിത്ത് കൃഷ്ണന്‍, ഇന്ത്യന്‍ ബാര്‍കൗണ്‍സില്‍ മെമ്പര്‍ ടി.എസ്.അജിത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എച്ച്.അബ്ദുള്‍സമദ്, സെക്രട്ടറി ബിജു വലിയപറമ്പില്‍ എന്നിവര്‍ സംബന്ധിക്കും.