ചാവക്കാട് : സമൂഹത്തിന്റെ ധാര്‍മികവും നവോത്ഥാനവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താല്‍പ്പര്യങ്ങള്‍ കടന്നുവന്നത് സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് ചാവക്കാട് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് യൂത്ത് വിങ്ങ് സംഘടിപ്പിച്ച ഐ എസ് എം ചാവക്കാട് മേഖലാ സമ്മേളനം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ അജ്ഞതയെ പരമാവധി ചൂഷണം ചെയ്ത് വമ്പിച്ച തട്ടിപ്പുകളാണ് ആത്മീയതയുടെ മറവില്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും വളരെ ചുരുക്കം കേസുകള്‍ മാത്രമാണ് നിയമ നടപടികള്‍ക്കോ ശിക്ഷകള്‍ക്കോ വിധേയമാകുന്നത്.
നാണയത്തുട്ടുകളുടെ മൂല്യം പോലും വരാത്ത നൂലുകളും മോതിരങ്ങളും ജനങ്ങളെ വഞ്ചിച്ച് ആയിരങ്ങള്‍ വാങ്ങി കൈമാറുന്ന കച്ചവടം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ വിരോധവും, അക്രമ പ്രവര്‍ത്തനങ്ങളും, ജാതി തിരിഞ്ഞുള്ള സംഘര്‍ഷങ്ങളും ആശങ്കാജനകമാണ്. ഈ രംഗത്ത് ഭരണകൂടം കാണിക്കുന്ന തികഞ്ഞ അലംഭാവം പ്രതിഷേധാര്‍ഹമാണ്. ആത്മീയ ചൂഷണങ്ങള്‍ക്കതിരെ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഐ എസ് എം മണ്ഡല സമ്മേളനം അബ്ദുല്‍ ലത്തീഫ് സുല്ലമി ഉല്‍ഘടനം ചെയ്ത്. അഷ്റഫ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു.
ജാമിയ അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ സ്വലാഹി, ശരീഫ് കാരാ, ഷംസാദ് എളവള്ളി എന്നീവര്‍ സംസാരിച്ചു.
ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ (ക്യൂ.എച്ച്.എല്‍.എസ്) വാര്‍ഷിക പരീക്ഷയിലെ മേഖലാതല റാങ്ക് ജേതാക്കള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു.