കടപ്പുറം : ജമ്മു കാശ്മീരിലെ ലഡാക്ക് ഓട്ടോണമസ് കൗൺസിലിൽ നിന്നുള്ള ഇരുപത്തി ആറ് പഞ്ചായത്ത് പ്രസിഡന്റ് മാരും നാല് പഞ്ചായത്ത് സെക്രട്ടറിമാരും അടങ്ങുന്ന സംഘമാണ് കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി എത്തിയത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) മുഖേനയാണ് സംഘം എത്തിയത്. കേരളത്തിൽ രണ്ട് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഒരു മുൻസിപ്പാലിറ്റയുമാണ് സംഘം സന്ദർശിക്കുന്നത്. തലേന്ന് കിലയിൽ എത്തിയ സംഘം ഇന്നലെ രാവിലെ പത്ത് മണിയോടെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ബ്ലോക്ക് ആർ.ഡി.ഒ. അബ്ദുൾ ഖയ്യൂമിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. പഞ്ചായത്ത് ഓഫീസിന്റെ ഓരോ സെക്ഷന്റെയും പ്രവർത്തനങ്ങൾ സംഘം വിശദമായി ചോദിച്ചറിഞ്ഞു. പിന്നീട് പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ പഞ്ചായത്തിന്റെ പവർ പോയിന്റുകളെയും അധികാര വികേന്ദ്രീകരണത്തെ കുറിച്ചും പ്രസന്റേഷൻ നടത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോസഫ്, കടപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ സൂപ്രണ്ട് ശ്രീകല, കടപ്പുറം ഗ്രാമ പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ റോണിഷ്, ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡോക്ടർ അരുൺ, ഫിഷറീസ് ഇൻസെപ്ക്ടർ ഫാത്തിമ, ഫിഷറീസ് യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. അഴിമുഖം പുലിമുട്ട്, കറുകമാട് നാലു മണിക്കാറ്റ്, കടപ്പുറം സി.എച്ച്.സി, തടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. ഹിമാലയൻ താഴ് വാരത്തെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജനവാസ കേന്ദ്രമായ ലഡാക്ക് ജില്ലയിൽ നിന്നും വന്ന സംഘം സമുദ്രനിരപ്പിൽ നിൽക്കുന്ന പ്രദേശങ്ങൾ അതീവ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. കില ഫാക്കൽറ്റി പി.വി.രാമകൃഷ്ണൻ സംഘത്തോടൊപ്പം മാർഗ്ഗ നിർദ്ധേശങ്ങൾ നൽകി കൂടെ ഉണ്ടായിരുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, വി.എം. മനാഫ്. ഷംസിയ തൗഫീഖ്, മെമ്പർമാരായ കാഞ്ചന മൂക്കൻ, എം.കെ.ഷൺമുഖൻ, നിത വിഷ്ണുപാൽ, ശരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, പി.എം. മുജീബ്, പി.എ.അഷ്ക്കറലി, ബരതീഷ്, റഫീഖ ടീച്ചർ, പി.വി.ഉമ്മർകുഞ്ഞി, ഷൈല മുഹമ്മദ്, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ജസീദ, ഫ്രെഡ്ഡി, ബെന്നി, നിഷാന്ത്, ഷെഫീഖ്, റഹീല, ഹെൽത്ത് ഇൻസ്പെക്ടർ സനൽ തുടങ്ങിയവർ സംഘത്തിന് കാര്യങ്ങൾ വിശദീകരിച്ചും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയും മുഴുവൻ സമയവും അനുഗമിച്ചിരുന്നു. ഉച്ചക്ക് നാടൻ ശൈലിയിലുള്ള വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. വൈകീട്ട് ആറ് മണിയോടെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കും ജീവനക്കാർക്കും ഹൃദയപൂർവ്വം നന്ദി പ്രകാശിപ്പിച്ചും ജമ്മു കാശ്മീരിലേക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളെ ക്ഷണിച്ചു കൊണ്ടാണ് സംഘം മടങ്ങിയത്. രാത്രി ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതതിനു ശേഷം തൃശ്ശൂർ കിലയിൽ തങ്ങുന്ന സംഘം ഇന്ന് രാവിലെ എറണാംകുളത്തേക്കും മറ്റന്നാൾ ആലപ്പുഴയിലേക്കും പോകും.