പുന്നയൂര്‍ക്കുളം: വാര്‍ഡുകളിലേക്ക് വികസനം പരിമിതപ്പെടുത്താതെ തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിച്ച് മികവുറ്റ സംയുക്ത പദ്ധതികള്‍ നടപ്പിലാക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഒന്നിച്ചുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉയോഗിച്ച് ചെയ്യണം. ജില്ലാ പദ്ധതികളുടെ രൂപീകരണം എന്ന പുതിയ സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നത് ഇതിനുവേണ്ടിയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പ്ലാന്‍ ഫണ്ടിനു പുറമെ സംയുക്ത പദ്ധതിക്കുള്ള പണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍പ്പടി- കെട്ടുങ്ങല്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കനോലി കനാലിനു കുറുകെ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് 75 ലക്ഷം രൂപ ചെലവിട്ടാണ് ആവശ്യാനുസരണം ഉയര്‍ത്താവുന്ന വിധത്തിലുള്ള പാലം നിര്‍മ്മിച്ചത്.

കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, വൈസ് പ്രസിഡന്റ് വി. സുബൈദ, ജില്ലാ പഞ്ചായത്ത് അംഗം ടി.എ. ആയിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയിൽ മൂസ, പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.പി. ബഷീര്‍, ഫാത്തിമ ലീനസ്, കെ.എസ്. ഭാസ്‌കരന്‍, ഇറിഗേഷന്‍ ചീഫ് എന്‍ജനീയര്‍ ഷാജി, അസിസ്റ്റന്റ് എന്‍ജനീയര്‍ വി.ബി. ആര്യ , വാര്‍ഡ് മെംബര്‍ കെ.എച്ച്. ആബിദ് , എം.കെ. ബക്കര്‍, എ.കെ. മൊയ്തുണ്ണി, പി. സുധീര്‍, കുഞ്ഞുമൊയ്തു എന്നിവര്‍ പ്രസംഗിച്ചു. നാട്ടുകാരുടെ കലാപരിപാടികളും അരങ്ങേറി.