ചാവക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ചീട്ട് കളി സങ്കേതത്തിലിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു.
അകലാട് മൂന്നയിനി പണിക്കവീട്ടില്‍ ചാലില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അനസിനാണ് (22) മര്‍ദ്ദനമേറ്റത്. ഇയാളുടെ വലതുചെവിക്ക് സാരമായി പരിക്കേറ്റതിനാല്‍ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ട തായി പറയുന്നു. സംഘത്തിന്‍്റെ മര്‍ദ്ദനത്തില്‍ ശരീരം മുഴുവന്‍ ക്ഷതമേറ്റ അനസ് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സംഭവം. 6.30 നാണ് അനസിനെ ബൈക്കില്‍ ഫൈസല്‍ എന്ന യുവാവ് കൂട്ടിക്കൊണ്ടുപോയി കൂട്ടുകാരുമായി ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയത്. രാത്രി ഒരു മണിവരെ സംഘത്തിന്‍്റെ മര്‍ദ്ദനമേറ്റതായി യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെളിയങ്കോട് നേര്‍ച്ചയില്‍ അകലാടുള്ള യുവാവിന് വെട്ടേറ്റിരുന്നു. വെളിയങ്കോട് സംഘം ആ യുവാവിനെ ആക്രമിച്ചതിനു പിന്നില്‍ അനസാണെന്നാരോപിച്ചാണത്രെ മര്‍ദ്ദനം. സംഭവം പുറത്തുപറയുകയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ അനസിനെ കൊന്നുകളയുമെന്ന് അനസിന്‍്റെ മാതാവിന്‍്റെ സഹോദരനെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ശരീരവേദന മാറാത്തതിനാല്‍ ചൊവ്വാഴ്ച അനസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അനസിന്‍്റെ പരാതി പ്രകാരം ഫൈസല്‍, സുഫീര്‍, സാക്കിര്‍, ഹസന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി വടക്കേക്കാട് എസ്.ഐ പി.കെ മോഹിത് അറിയിച്ചു.