ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും കെ.കെ.കേശവന്‍ അനുസ്മരണവും മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളിലായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന കെ.കെ.കേശവന്‍ അനുസ്മരണസമ്മേളനവും കിഡ്‌സ്‌ ഫെസ്റ്റും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്.സലാം അധ്യക്ഷനാവും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സ്‌കൂളിന്റെ 95-ാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ലിഷ മത്രംകോട്ട് അധ്യക്ഷയാവും. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയാവും. വിരമിക്കുന്ന അധ്യാപിക ഗിരിജക്ക് പരിപാടിയില്‍ യാത്രയയപ്പ് നല്‍കും. അന്തരിച്ച സംവിധായകന്‍ കെ.ആര്‍.മോഹനന്‍ സ്മരാണാര്‍ഥം വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിച്ച കെ.പി.ശരത്തിന് ചടങ്ങില്‍ സമ്മാനിക്കും. പി.ടി.എ. പ്രസിഡന്റ് കെ.സി. സദാനന്ദന്‍, ഒ.എസ്.എ. പ്രസിഡന്റ് എം.എസ്.ശിവദാസ്, അധ്യാപകന്‍ കെ.ശ്രീകുമാര്‍, എം.എസ്.ശ്രീവത്സന്‍, ഷാഹുല്‍ ഹമീദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.